‘പാക് ഇന്ത്യയ്ക്കെതിരെ ഭീകരരെ പരിശീലിപ്പിച്ചിട്ടുണ്ട്’

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2010 (16:34 IST)
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ ഭീകരരെ പരിശീലിപ്പിച്ചിരുന്നതായി പാക് മുന്‍ പട്ടാള മേധാവി പര്‍വേസ് മുഷാറഫ് സമ്മതിച്ചു. ആദ്യമായാണ് പാകിസ്ഥാനിലെ ഒരു മുതിര്‍ന്ന നേതാവ് ഇത്തരത്തിലുള്ള കുറ്റ സമ്മതം നടത്തുന്നത്.

സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയാണെന്ന് ലണ്ടനില്‍ പ്രസ്താവന നടത്തിയ ശേഷം ദിവസങ്ങള്‍ക്കകമാണ് മുഷാറഫിന്‍റെ പുതിയ പ്രസ്താവന. കാശ്മീരില്‍ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുന്നതിനാണ് ഭീകരര്‍ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കിയിരുന്നതെന്ന് മുഷാറഫ് വ്യക്തമാക്കി. ജര്‍മ്മന്‍ മാഗസിനായ ദര്‍ സ്പീഗലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷാറഫ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കാശ്മീര്‍ വിഷയത്തോട് അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ് കാണിച്ച ഉദാസീനതയും ലോകരാഷ്ട്രങ്ങള്‍ പുലര്‍ത്തിയ നിഷേധാത്മക കാഴ്ചപ്പാടുമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്ന് മുന്‍ പട്ടാള മേധാവി അറിയിച്ചു. കാശ്മീര്‍ വിഷയം അവഗണിക്കുകയും എല്ലാ കുറ്റവും പാകിസ്ഥാനുമേല്‍ ചുമത്തുകയും ചെയ്യുന്ന പാശ്ചാത്യ രാഷ്ട്രങ്ങളുടെ സമീപനത്തെ മുഷാറഫ് നിശിതമായി വിമര്‍ശിച്ചു.

ഇന്ത്യയുമായി നേരിട്ടുള്ള സായുധ പോരാട്ടത്തിന് കാരണമായ കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തില്‍ തനിക്ക് പശ്ചാത്താപമില്ലെന്ന് മുഷാറഫ് പറഞ്ഞു. ഓരോ രാജ്യത്തിനും അതിന്‍റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :