അഫ്ഗാനിസ്ഥാനിലെ സേനാ താവളത്തിനടുത്ത ഗ്രാമത്തിലെ വീടുകളില്‍ കയറി പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം പതിനേഴ് സാധാരണക്കാരെ യുഎസ് സൈനിക വെടിവെച്ചുകൊന്നതിന് പ്രതികാരം ചെയ്യുമെന്ന് താലിബാന്. മരിച്ചവരില്‍ ഒമ്പതുപേര്‍ കുട്ടികളും മൂന്നുപേര്‍ സ്ത്രീകളുമാണ്. അഫ്ഗാനിസ്ഥാന് പൌരന്മാര് ചിന്തുന്ന ഓരോതുള്ളി ചോരയ്ക്കും അമേരിക്ക കണക്ക് പറയേണ്ടിവരുമെന്നും താലിബാന് മുന്നറിയിപ്പ് നല്കി.
ഇതിനിടെ, അമേരിക്കന്‍ സൈനികന് സാധാരണക്കാരെ വെടിവച്ചു കൊന്ന സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഖേദം രേഖപ്പെടുത്തി. സംഭവം വേദനാജനകവും ഞെട്ടിക്കുന്നതുമാണെന്ന് ഒബാമ പറഞ്ഞു. ഇതിനെ ഒരു അപവാദമായി കാണുന്നില്ല. അഫ്ഗാന് ജനതയോട് തങ്ങള്‍ക്കു ബഹുമാനമാണെന്നും ഒബാമ പറഞ്ഞു.
സൈനികന് കസ്റ്റഡിയിലാണെന്ന് അമേരിക്ക വെളിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, സൈനികനെ പ്രകോപിപ്പിച്ചത് എന്താണെന്ന് യു.എസ് വൃത്തങ്ങള്‍ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിനു ശേഷം സൈനികന് സ്വയം കീഴടങ്ങുകയായിരുന്നു. അര്‍ദ്ധരാത്രി വാതില്‍ ചവിട്ടിപ്പൊളിച്ച് മൂന്നു വീടുകളില്‍ കയറിയാണ് സൈനികന് ഈ ക്രൂരകൃത്യം നടത്തിയത്.