‘ഋശ്യശൃംഗന്‍’ പൊലീസിനോട് പറഞ്ഞത് പച്ചക്കള്ളം!

WEBDUNIA|
PRO
PRO
വനത്തില്‍ ജീവിച്ച വിഭാണ്ഡകന്‍ എന്ന മഹര്‍ഷിയും അദ്ദേഹത്തിന്റെ മകന്‍ ഋശ്യശൃംഗനും‍- മഹാഭാരതത്തിലെ ഒരു കഥയിലെ കഥാപാത്രങ്ങളാണിവര്‍. കാട് ഋശ്യശൃംഗനില്‍ ചെലുത്തിയ സ്വാധീനം, നാടിനോട് അവനുള്ള അപരിചിതത്വം തുടങ്ങിയവയെല്ലാം ഭരതന്റെ വൈശാലി എന്ന ചിത്രത്തിലൂടെ നാം കണ്ടാസ്വദിക്കുകയും ചെയ്തു. ഋശ്യശൃംഗനെ അനുസ്മരിപ്പിക്കുന്ന കഥയുമായി ഒരു യുവാവ് കഴിഞ്ഞ വര്‍ഷം ജര്‍മനിയിലെ ബര്‍ലിനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പിതാവിനൊപ്പം വര്‍ഷങ്ങളായി താന്‍ കാട്ടില്‍ ജീവിച്ചുവരികയായിരുന്നു എന്നാണ് ഈ യുവാവ് നടത്തിയ വെളിപ്പെടുത്തല്‍. പേരും വയസ്സും മാത്രമേ തനിക്ക് അറിയൂഎന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ‘കാട്ടില്‍ ജീവിച്ചു വളര്‍ന്ന യുവാവ്’ വന്‍ വാര്‍ത്താപ്രാധാന്യം നേടി. അന്താരാഷ്ട്രമാധ്യമങ്ങള്‍ പോലും ഇക്കാര്യം തലക്കെട്ടാക്കി. പക്ഷേ ഈ യുവാവ് സ്വയം കഥ മെനയുകയായിരുന്നു എന്നാണ് ഇപ്പോള്‍ ജര്‍മന്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

റെ എന്നാണ് പേരെന്നും 17 വയസ്സാണ് പ്രായമെന്നും യുവാവ് പൊലീസിനോട് പറഞ്ഞിരുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി കാട്ടിലാണ് ജീവിതം എന്നും പറഞ്ഞു. എന്നാല്‍ യുവാവിന്റെ യഥാര്‍ത്ഥ പേര് റോബിന്‍ ആണെന്നും, ഇയാള്‍ 20 വയസ്സ് പ്രായമുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഡച്ച് നഗരമായി ഹെന്‍‌ഗെലോ ആണ് യുവാവിന്റെ സ്വദേശം. പക്ഷേ കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പൊലീസ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. യുവാവ് പറഞ്ഞ കഥ അവിശ്വസനീയമായിരുന്നു എന്നും യുവാവിനെ കണ്ടാല്‍ വര്‍ഷങ്ങളോളം കാട്ടില്‍ ചെലവഴിച്ചതാണെന്ന് തോന്നില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

2011 സെപ്തംബര്‍ അഞ്ചിനാണ് യുവാവ് ബര്‍ലിനില്‍ പ്രത്യക്ഷപ്പെട്ടത്. കാട്ടില്‍ കഴിഞ്ഞ കഥ പറഞ്ഞ് പലരോടും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. പിതാവ് കാട്ടില്‍ വച്ച് മരിച്ചെന്നും കല്‍‌കൂനകള്‍ക്കിടയില്‍ മൃതദേഹം സംസ്കരിക്കുകയായിരുന്നു എന്നും പറഞ്ഞു. അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്‍ അപകടത്തില്‍ മരിച്ചു എന്നും യുവാവ് ചിലരോട് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :