ഹെയ്ത്തിയില്‍ മരണം മൂന്ന് ലക്ഷമായേക്കും

പോര്‍ട്ട് ഓ പ്രിന്‍സ്| WEBDUNIA| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2010 (09:51 IST)
PRO
ഭൂചലനം നാശം വിതച്ച ഹെയ്ത്തിയില്‍ മരണസംഖ്യ മൂന്ന് ലക്ഷമായേക്കുമെന്ന് സൂചന. ഹെയ്ത്തി പ്രസിഡന്‍റ് റെനെ പ്രിവേല്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളിലെ നേതാക്കളുമായി മെക്സിക്കോയില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും വീണ്ടെടുക്കാനാകാതെ കിടക്കുന്ന മൃതശരീരങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ മരണം മൂന്ന് ലക്ഷത്തിലെത്തുമെന്നാണ് നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷത്തിലധികം മൃതശരീരങ്ങള്‍ തെരുവുകളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം ഉണ്ടായ ഭൂചലനത്തില്‍ രണ്ട് ലക്ഷത്തി അമ്പതിനായിരം വീടുകള്‍ തകര്‍ന്നതായാണ് കണക്ക്. 1.5 മില്യന്‍ ജനങ്ങള്‍ ഇപ്പോഴും താല്‍ക്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്. 2004 ലെ സുനാമിക്ക് ശേഷമുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഹെയ്ത്തി ഭൂചലനം.

ഹെയ്ത്തിയുടെ പുനര്‍നിര്‍മ്മാണത്തിനായി ഏതാണ്ട് 14 ബില്യന്‍ യു‌എസ് ഡോളര്‍ വേണ്ടിവരുമെന്നാണ് കണക്ക്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് റെനെ പ്രിവേല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :