സ്വര്‍ഗത്തില്‍ പോയി, സഹോദരിയെ കണ്ടു!

ലണ്ടന്‍| WEBDUNIA|
PRO
‘ലൈഫ് ആഫ്റ്റര്‍ ഡെത്ത്’ അഥവാ മരണാനന്തര ജീവിതത്തെ കുറിച്ച് ഒരു പുതിയ അനുഭവ സാക്‍ഷ്യം കൂടി. യുഎസിലെ നെബ്രാസ്കയിലുള്ള കോള്‍ട്ടണ്‍ ബര്‍പൊ എന്ന പതിനൊന്ന് വയസ്സുകാരനാണ് തന്റെ നാലാം വയസ്സില്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോള്‍ സ്വര്‍ഗത്തില്‍ പോയി എന്ന് അവകാശപ്പെടുന്നത്.

നാലാം വയസ്സില്‍ കൊളറാഡോയിലേക്കുള്ള ഒരു യാത്രക്കിടയില്‍ കോള്‍ട്ടണ് അസ്വസ്ഥതയുണ്ടാവുകയും അത് പനിമൂലമാണെന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിക്കുകയും ചെയ്തു. എന്നാല്‍, തിരികെ വീട്ടിലെത്തിയപ്പോഴേക്കും അവശനായ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. കോള്‍ട്ടണ് ഗുരുതരാവസ്ഥയിലുള്ള അപ്പെന്‍ഡിസൈറ്റിസ് ആണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു. അടുപ്പിച്ച് രണ്ട് തവണയാണ് നാല് വയസ്സുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

ശസ്ത്രക്രിയയ്ക്ക് വിധേയനായ കോള്‍ട്ടണ്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിച്ചു. എന്നാല്‍, വീട്ടിലെത്തിയ ശേഷം കോള്‍ട്ടന്‍ പറഞ്ഞകാര്യങ്ങള്‍ മാതാപിതാക്കളെ അമ്പരിപ്പിച്ചു. ശസ്ത്രക്രിയാ സമയത്ത് താന്‍ സ്വര്‍ഗത്തിലേക്ക് പോയി എന്നും അവിടെ തന്റെ സഹോദരിയെ കണ്ടു എന്നുമാണ് കുട്ടിയായിരുന്ന കോള്‍ട്ടണ്‍ പറഞ്ഞത്. കോള്‍ട്ടന്‍ ജനിക്കുന്നതിനു മുമ്പ് മാതാവ് സോന്‍‌ജ ഗര്‍ഭം ധരിച്ചിരുന്നു എങ്കിലും അത് അലസിപ്പോയിരുന്നു. ഇക്കാര്യം അവര്‍ ഒരിക്കലും മകനോട് പറഞ്ഞിട്ടുമുണ്ടായിരുന്നില്ല!

തനിക്ക് സഹോദരിയെ കണ്ടപ്പോള്‍ തന്നെ അടുപ്പം തോന്നി എന്നും അവള്‍ തന്നെ ആലിംഗനം ചെയ്തു എന്നും കോള്‍ട്ടന്‍ പറഞ്ഞു. അവള്‍ക്ക് പേരില്ലായിരുന്നു എന്നും മാതാപിതാക്കള്‍ അവള്‍ക്ക് പേരിട്ടിരുന്നില്ല എന്ന് പറഞ്ഞതായും കുഞ്ഞു കോള്‍ട്ടണ്‍ പറഞ്ഞു. അമ്മയും അച്ഛനും തന്നെ കാണാന്‍ വരുന്നതുവരെ തനിക്കു കാത്തിരിക്കാനാവില്ല എന്ന് സഹോദരി പറഞ്ഞതായും കോള്‍ട്ടന്‍ മാതാപിതാക്കളോട് പറഞ്ഞു.

സ്വര്‍ഗത്തില്‍ ജീസസിന്റെ മടിയിലാണ് താന്‍ ഇരുന്നത് എന്നും സ്നാപകയോഹന്നാനെ കണ്ടു എന്നും മാലാഖമാര്‍ തനിക്കായി സംഗീതമാലപിച്ചു എന്നും കോള്‍ട്ടന്‍ തന്റെ അനുഭവത്തെ കുറിച്ച് പറയുന്നു. ജീസസിന് ഈ ലോകത്തെ കൈകളില്‍ എടുക്കാന്‍ മാത്രമുള്ള വലിപ്പമുണ്ട് എന്ന് വിശദീകരിച്ച കോള്‍ട്ടണ്‍ തന്റെ മുതുമുത്തച്ഛന്‍ പോപ്പിനെ കണ്ടു എന്നും പറയുന്നു. വിശദീകരണം സത്യമാണോ എന്നറിയാന്‍ മാതാപിതാക്കള്‍ പോപ്പിന്റെ ഫോട്ടോ തിരിച്ചറിയാന്‍ സാധിക്കുമോ എന്ന പരീക്ഷണവും നടത്തി. താന്‍ കണ്ടിട്ടില്ലാത്ത മുതുമുതുച്ഛന്റെ ചെറുപ്പകാലത്തെ ഫോട്ടോ തിരിച്ചറിഞ്ഞ കൊച്ചു കോള്‍ട്ടണ്‍ അവിടെയും ജയിച്ചു.

എന്തായാലും കോള്‍ട്ടന്റെ അനുഭവ സാക്‍ഷ്യങ്ങള്‍ ഇപ്പോള്‍ പുസ്തക രൂപത്തിലായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :