സിറിയന്‍ പ്രശ്നം അവസാനിപ്പിക്കാന്‍ അമേരിക്കയും റഷ്യയും ധാരണയിലെത്തി

ജനീവ| WEBDUNIA| Last Modified ശനി, 14 സെപ്‌റ്റംബര്‍ 2013 (10:49 IST)
PRO
സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുകൂട്ടാന്‍ അമേരിക്കയും റഷ്യയും ധാരണയിലെത്തി.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവറോവും തമ്മില്‍ ജനീവയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിറിയന്‍ പ്രശ്നം പരിഹരിക്കാന്‍ ഒരുമിച്ച് ശ്രമിക്കാമെന്ന് തീരുമാനമായത്. രാസായുധ കണ്‍വെന്‍ഷനില്‍ അംഗത്വമെടുക്കുന്നതിന് ഐക്യരാഷ്ട്രസഭയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

രാസായുധം നശിപ്പിക്കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് സിറിയയ്‌ക്കെതിരായ സൈനിക നടപടി നിര്‍ത്തിവെച്ചത്. ഐക്യരാഷ്ട്രസഭയിലെ സിറിയന്‍ വക്താവ് ലഖ്ദര്‍ ബ്രഹിമിയുമായും നേതാക്കള്‍ ചര്‍ച്ച ചെയ്തു. സിറിയയിലെ രാസായുധശേഖരം നശിപ്പിക്കുന്നതിന്റെ നടപടി ക്രമങ്ങളും ചര്‍ച്ചാവിഷയമായി.

സിറിയയിലെ രാസായുധം നശിപ്പിച്ച് സൈനിക നടപടി ഒഴിവാക്കുന്ന പദ്ധതിക്ക് ഇറാന്‍േറയും ചൈനയുടേയും പിന്തുണ നേടിയെടുക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാസായുധ കണ്‍വെന്‍ഷനില്‍ ചേരാനുള്ള സിറിയയുടെ തീരുമാനത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍ സ്വാഗതം ചെയ്തു.

ഈമാസം 28-ന് വീണ്ടും കൂടിക്കാണാമെന്ന് അമേരിക്കയും റഷ്യയും ധാരണയിലെത്തി. സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്നാണ് രാഷ്ട്രത്തലവന്‍‌മാര്‍ അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :