സര്‍ക്കാര്‍ മലക്കം‌മറിഞ്ഞു; സര്‍ദാരിക്ക് തിരിച്ചടി

ഇസ്ലാമാബാദ്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
പാകിസ്ഥാന്‍ പ്രസിഡന്റ്‌ അസിഫ്‌ അലി സര്‍ദാരിക്ക്‌ സര്‍ക്കാരില്‍ നിന്ന് തിരിച്ചടി. സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ മന്ത്രിസഭ സമ്മതം മൂളി. പ്രധാനമന്ത്രി രാജ പര്‍വേസ്‌ അഷ്‌റഫ്‌ സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചു. പര്‍വേസ്‌ അഷ്‌റഫ്‌ ഇനി ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

സര്‍ദാരിയുടെ കള്ളപ്പണം സംബന്ധിച്ച്‌ സ്വിസ്‌ ബാങ്ക്‌ അധികൃതര്‍ക്ക് കത്തെഴുതാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സര്‍ദാരിക്കെതിരായ കേസുകള്‍ അവസാനിപ്പിച്ചതായുള്ള അറ്റോര്‍ണി ജനറലിന്റെ കത്ത്‌ റദ്ദാക്കാനും കോടതി പ്രധാനമന്ത്രിക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസുകള്‍ വൈകാതെ പുനരുജ്ജീവിപ്പിക്കാന്‍ പ്രധാനമന്ത്രി ഉത്തരവിടാമെന്നും കോടതി ആവശ്യപ്പെട്ടു.

കോടതിയലക്ഷ്യക്കേസില്‍ ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരായ പ്രധാനമന്ത്രി, കേസുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ഇതേ വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനി കോടതിയലക്ഷ്യ നടപടി നേരിട്ടത്. കോടതിയെ അനുസരിക്കാതെ രണ്ട് വര്‍ഷക്കാലം ഗീലാനി തള്ളിനീക്കി. ഒടുവില്‍ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് അദ്ദേഹം അയോഗ്യനാക്കപ്പെടുകയായിരുന്നു.

ഗീലാനിയുടെ പിന്‍‌ഗാമിയായി എത്തിയ പര്‍വേസ്‌ അഷ്‌റഫഫിനോടും കോടതി ഇതേ കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യഘട്ടത്തില്‍ അദ്ദേഹം വഴങ്ങാത്തതിനെ തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു. സര്‍ദാരിക്കെതിരായ കേസുകള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നതോടെ പാകിസ്ഥാനില്‍ പുതിയ രാഷ്ട്രീയസംഭവവികാസങ്ങള്‍ രൂപപ്പെടും എന്നുറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :