സരബ്ജിതിനെതിരെ ആക്രമണം: കുറ്റക്കാര്‍ ജയില്‍ അധികൃതര്‍ തന്നെ?

ലാഹോര്‍| WEBDUNIA|
PRO
PRO
ഇന്ത്യക്കാരനായ സരബ്ജിത് സിംഗിനെ പാക് ജയിലില്‍ ആക്രമിച്ച സംഭവത്തില്‍ രണ്ടു തടവുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ലാഹോറിലെ കോട് ലഖ്പത് ജയിലിലെ തടവുകാരായ ആമിര്‍ അസ്താര്‍, മുതസര്‍ എന്നിവര്‍ക്കെതിയാണ് കേസ്. കൊലപാതകശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പാകിസ്ഥാനെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സല്‍ ഗുരു, മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ കസബ് എന്നിവരെ തൂക്കിലേറ്റിയ ശേഷം സരബ്ജ്തിന് സഹതടവുകാരില്‍ നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. അഫ്സല്‍ ഗുരുവിനെയും കസബിനെയും തൂക്കിലേറ്റിയതിന് പകരമായി തന്നെ ഞങ്ങള്‍ കൊല്ലും എന്ന് തടവുകാര്‍ ഭീഷണിപ്പെടുത്താറുണ്ടെന്ന് സരബ്ജ്റ്റിത് അഭിഭാഷകനോട് പറഞ്ഞിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സരബ്ജിത് നിരന്തര ഭീഷണി നേരിട്ടിട്ടും ജയില്‍ അധികൃതര്‍ തക്കതായ നടപടി സ്വീകരിച്ചില്ല എന്നും ആരോപണമുണ്ട്. ആമിര്‍ അസ്താര്‍ എന്ന പ്രതി കുറച്ച് ദിവസം മുമ്പ് സരബ്ജിതിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ജയില്‍ അധികൃതര്‍ ഇത് കാര്യമാക്കിയില്ല. ജയില്‍ അധികൃതരുടെ അനാസ്ഥ തന്നെയാണ് സരബ്ജിത് ആക്രമിക്കപ്പെടാന്‍ കാരണം എന്നാണ് വിവരം.

ഇഷ്ടികയും പാത്രങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സരബ്ജിതിന്റെ തലയ്ക്ക് മാരകമായി മുറിവേല്‍ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :