സയീദിന്‍റെ അറസ്റ്റ് പാകിസ്ഥാന്‍ സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്| WEBDUNIA|
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി എന്ന് ഇന്ത്യ കരുതുന്ന ജമാഅത്ത് ഉദ് - ദാവ തലവന്‍ ഹാഫിസ് മുഹമ്മദ് സയീദിന്‍റെ അറസ്റ്റ് പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സയീദിനെ അറസ്റ്റ് ചെയ്തതായി പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി മുള്‍ട്ടാനില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. എല്ലാ പ്രശ്നങ്ങളിലും ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

വളരെ നിസാരമായ കുറ്റങ്ങള്‍ ചുമത്തിയാണ് സയീദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജമാഅത്ത് ഉദ് - ദാവയ്ക്ക് വേണ്ടി സംഭാവനകള്‍ സ്വീകരിച്ചു ജനങ്ങളെ ജിഹാദിന് പ്രേരിപ്പിക്കുന്നതിനായി ലൌഡ് സ്പീക്കര്‍ ദുരുപയോഗം ചെയ്തു എന്നിവയാണ് സയീദിന്‍റെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. സയീദിന്‍റെ പ്രവര്‍ത്തനങ്ങള്‍ ലാഹോര്‍ പൊലീസ് മേധാവി പെര്‍വായിസ് റാതോര്‍ തടഞ്ഞിട്ടുണ്ട്. സയീദിനെതിരെയുള്ള ഭാവി നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സയീദിന്‍റെ അറസ്റ്റ് നാടകമാണെന്ന് ഇന്ത്യ ആരോപിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് പാകിസ്ഥാന്‍ ഈ തീവ്രവാദ നേതാവിന്‍റെ അറസ്റ്റ് സ്ഥിരീകരിക്കുന്നത്. ഇന്ത്യ ആവശ്യപ്പെട്ടതുപോലെ മുംബൈ ഭീകരാക്രമണത്തില്‍ സയീദിനെ പ്രതിചേര്‍ത്തിട്ടില്ല. സയീദിനെതിരെ പാകിസ്ഥാന്‍ കേസെടുത്തത് അന്താരാഷ്ട്ര സമൂഹത്തിന്‍റെ കണ്ണില്‍പ്പൊടിയിടല്‍ മാത്രമാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

അതിനിടെ സയീദിന് പാകിസ്ഥന്‍ സൈന്യം ഇഫ്താര്‍ വിരുന്ന് നല്‍കിയതായി റിപ്പോര്‍ട്ട് വന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അഞ്ച് ദിവസം മുന്‍പാണ് സൈന്യം സയീദിന് ഇഫ്താര്‍ വിരുന്നൊരുക്കിയത്. പാക് സൈന്യത്തിന്‍റെ അവിഭാജ്യ ഘടകമാണ് സയീദ് എന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യത്തിന്‍റെ പത്താം ഡിവിഷനാണ് സയീദിന് ഇഫ്താര്‍ വിരുന്ന് നല്‍കിയത്.

ഇത് രണ്ടാം തവണയാണ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കുന്നത്. മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പാക് സുപ്രീം കോടതി നേരത്തെ സയീദിനെ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :