നെയ്‌റോബി|
WEBDUNIA|
Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (10:07 IST)
PTI
കെനിയന്‍ തലസ്ഥാന നഗരമായ നെയ്‌റോബിയിലെ ഷോപ്പിംഗ് സെന്ററില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം. മാളില്‍ നിന്നും 200 പേരെ രക്ഷപ്പെടുത്തി ഷോപ്പിംഗ് മാളിന്റെ നിയന്ത്രണം സൈന്യം പൂര്‍ണ്ണമായും ഏറ്റെടുത്തു.
തീവ്രവാദി ആക്രമണത്തില്‍ 69 പേരാണ് മരിച്ചത്. ഇരുന്നൂറിലേറ പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഏഴ് ഇന്ത്യക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേര്‍ സ്ത്രീകളാണ്. സൗരാഷ്ട്ര, കച്ച് മേഖലയിലുള്ളവരാണ് കൊല്ലപ്പെട്ടവരെല്ലാം
ഇസ്രായേലി ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് മാളാണ് വെസ്റ്റ് ഗേറ്റ്. സൊമാലിയയില്‍ കെനിയ നടത്തുന്ന സൈനിക ഇടപെടലുകളാണ് ആക്രമണത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച തീവ്രവാദികള്‍ ഇന്നലെയാണ് വെസ്റ്റ് ഗേറ്റ് ഷോപ്പിംഗ് മാളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്.
ഷോപ്പിംഗ് മാളിന് പുറത്ത് സ്‌ഫോടനം നടത്തിയതിന് ശേഷമായിരുന്നു ആക്രമണം. താഴത്തെ നിലയില്‍ ആക്രമണം തുടങ്ങിയ തീവ്രവാദികള്‍ മുകളിലെ നിലകള്‍ കൂടി പിടിച്ചെടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷോപ്പിംഗ് മാളിന്റെ മുകള്‍നില തീവ്രവാദികളില്‍ നിന്നും മോചിപ്പിച്ചതായാണ് വിവരം.
കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അടക്കമുള്ള നിരവധി വിദേശികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടലില്‍ 3 തീവ്രവാദികളെ വധിച്ചതായി കെനിയന്‍ ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഭീകരാക്രമണത്തിന്റെ ചുമതല ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ ഷബാബ് ഏറ്റെടുത്തിട്ടുണ്ട്.
എന്നാല്‍ മാളിനുള്ളില്‍ ഭീകരരോ ബന്ദികളോ അവശേഷിച്ചിട്ടുണ്ടോ എന്നത് ഉറപ്പിക്കാനായിട്ടില്ലെന്നും കൂടുതല്‍ പരിശേധനകള്‍ നടത്തുന്നുണ്ടെന്നും കെനിയന്‍ പൊലീസ് അറിയിച്ചു. ഇനി ബന്ദികളാക്കപ്പെട്ടവര്‍ ഉണ്ടെങ്കില്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.