വെടിനിര്‍ത്തലിന് തയ്യാറാവണമെന്ന തമിഴ്പുലികളുടെ നിര്‍ദേശം ശ്രീലങ്കന്‍ സൈന്യം തള്ളി. പുലികള്‍ ആയുധം വെച്ച് നിരുപാധികം കീഴടങ്ങണമെന്ന തങ്ങളുടെ മുന്‍നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് ലങ്കന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ഉദയ നനയകര വ്യക്തമാക്കി.
ഉടന്‍ വെടിനിര്‍ത്തലിനായുള്ള ഒരു സാഹചര്യവും ഇപ്പോഴില്ല. ഗറില്ലാ യുദ്ധം തുടരുന്ന പുലികള്‍ നിരുപാധികം ആയുധം വച്ചു കീഴടങ്ങുക എന്നതില്‍ കുറഞ്ഞ ഒരു നിലപാടും എടുക്കാനാകില്ലെന്നും ഉദയ നനയകര പറഞ്ഞു.
കഴിഞ്ഞ ദിവസം ലങ്കന്‍ തലസ്ഥാനത്ത് വ്യോമാക്രമണം നടത്താനെത്തിയ രണ്ട് പുലി വിമാനങ്ങള്‍ സൈന്യം വെടിവച്ചിട്ടിരുന്നു. പുലികളുടെ ശക്തികേന്ദ്രങ്ങളെല്ലാം കീഴടക്കിയെന്ന് സൈന്യം അവകാശപ്പെടുന്നതിനിടെയുണ്ടായ ഈ അപ്രതീക്ഷിത ആക്രമണം ലങ്കന്‍ സൈന്യത്തെ ഞെട്ടിച്ചിരുന്നു.
എങ്കിലും പുലികളുടെ ശക്തികേന്ദ്രങ്ങളെല്ലാം കീഴടക്കിയ നിലയ്ക്ക് വെടിനിര്‍ത്തലിന് തയ്യാറാവുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് സൈന്യത്തിന്റെ നിഗമനം.