വിഷാദത്തിലേക്ക് തുറക്കുന്ന ജാലകം

വാഷിംഗ്ടണ്‍| WEBDUNIA|
PRO
കുട്ടികളുടെ കൈയെത്താത്തിടത്തു വേണം ഫേസ്ബുക്ക് വയ്ക്കുവാനെന്ന് ഡോക്ടര്‍മാര്‍! കുട്ടികളിലും കൌമാരപ്രായക്കാരിലും വിഷാദരോഗം സൃഷ്ടിക്കാന്‍ ഫേസ്ബുക്കിന് കഴിയും എന്നതാണ് ഈ നിര്‍ദ്ദേശത്തിന് അടിസ്ഥാനം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ നിരന്തരമായി ഉപയോഗിച്ച് ഭ്രാന്തമായ അഭിനിവേശത്തിലേക്ക് കുട്ടികള്‍ വീണുപോകുന്നതായി പഠിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നെറ്റ്‌വര്‍ക്കില്‍ ഏതെങ്കിലുമൊരു സുഹൃത്ത് അവഗണിക്കുന്നതോ അല്ലെങ്കില്‍ ഏതെങ്കിലും തലതിരിഞ്ഞവന്‍ എന്തെങ്കിലും തോന്നിവാസം വിളിച്ചുപറഞ്ഞാലോ കുട്ടികളെ അത് വല്ലാതെ ബാധിക്കാനിടയുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ആണ് വിഷയത്തില്‍ പഠനം നടത്തിയത്.

ആത്മഹത്യയടക്കമുള്ള വിപത്തുകളിലേക്ക് നയിക്കുന്ന മാനസിക വിഭ്രാന്തികളിലേക്ക് കുട്ടികള്‍ വീണുപോകാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ ഉറക്കം, ശാരീരികക്ഷമത എന്നിവയെ നെറ്റ്‌വര്‍ക്ക് സഞ്ചാരം കാര്യമായി ബാധിക്കുമെന്നും പഠനം പറയുന്നു. രക്ഷിതാക്കള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ വ്യാപാരം ശരിയായി മനസ്സിലാക്കി അവരെ ഗൈഡ് ചെയ്യാന്‍ തയ്യാറാകണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ആളുകളുടെ ശരീരഭാഷയും മുഖഭാവങ്ങളും അറിയാതെയുള്ള ആശയവിനിമയമാണ് ഫേസ്ബുക്കിലും മറ്റും നടക്കുന്നത്. ഇത് സൃഷ്ടിക്കുന്ന പഴുതുകള്‍ ചെറുതല്ല. പറയുന്നതല്ല വായിക്കുക. ചോദിച്ചതിനല്ല മറുപടി പറയുക. വിളിച്ചതിനല്ല വിളി കേള്‍ക്കുക. ഇങ്ങനെയുള്ള പ്രശ്നങ്ങളെക്കുറിച്ചറിയാത്ത കുട്ടികള്‍ വലഞ്ഞുപോകും എന്നുറപ്പ്.

അമേരിക്കന്‍ കുട്ടികള്‍ ഫേസ്ബുക്കില്‍ ഉണ്ടും ഉറങ്ങിയും മന്ദബുദ്ധികളായി മാറുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ പരാതി. കുട്ടികള്‍ക്ക് ഫേസ്ബുക്ക് അക്കൌണ്ട് ആവശ്യമില്ലെന്ന് ഈയിടെ മിഷേല്‍ ഒബാമ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും അമേരിക്കന്‍ ജനതയെ ബാധിക്കുന്നില്ല. അവര്‍ ട്വിറ്ററില്‍ കുറുകിയും ഫേസ്ബുക്കില്‍ തോണ്ടിയും നേരം പോക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :