വിര്‍ജീനിയ: ഒത്തുതീര്‍പ്പിന് 100,000 ഡോളര്‍

റിച്ച് മോണ്ട്:| WEBDUNIA|
വിര്‍ജീനിയാ സാങ്കേതിക സര്‍വ്വകലാശാലയിലെ കൂട്ടക്കുരുതിക്ക് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് നിയമ നടപടികള്‍ ഒഴിവാക്കുന്നതിനും ഒത്തു തീര്‍പ്പിനുമായി സര്‍വ്വകലാശാല 100,000 ഡോളര്‍ വാഗ്ദാനം ചെയ്തു. കുരുതിക്ക് ഇരയായവരില്‍ പലരുടെയും ബന്ധുക്കള്‍ക്ക് ഇതുമായി ബന്ധപ്പെട്ട വാഗ്ദാന അറിയിപ്പ് ലഭിച്ചിരിക്കുകയാണ്.

കൊലപാതകത്തിന് ഇരയായവരുടെ കുടുംബത്തിനു 100,000 ഡോളറും പരുക്കേറ്റവര്‍ക്ക് 800,000 ഡോളറുമാണ് വച്ചിരിക്കുന്നത്. മരണമടഞ്ഞവരുടെ കുടുംബത്തിനും അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും ചികിത്സയ്‌ക്കും കൌണ്‍സിലിംഗിനുള്ളതുമായ ചെലവുകള്‍ വരെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവര്‍ണറോട് ചോദിക്കാനുള്ള അവസരവും കുടുംബങ്ങള്‍ക്ക് ലഭിക്കും.

മാര്‍ച്ച് 31 ന് മുമ്പ് ഈ വാഗ്ദാനങ്ങള്‍ സമ്മതിക്കുന്നുണ്ടോ ഇല്ലയോ എന്ന് കുടുംബങ്ങള്‍ വ്യക്തമാക്കണം. ഇവര്‍ സമ്മതിച്ചാല്‍ പിന്നെ സ്റ്റേറ്റ് സര്‍ക്കാരിനു മുന്നിലോ വിര്‍ജീനിയാ സാങ്കേതിക സര്‍വ്വകലശാലയിലോ കേസുമായി പോകാനാകില്ല എന്നതാണ് കരാര്‍. എല്ലാ കുടുംബങ്ങളും സമ്മതിച്ചാല്‍ മാത്രമേ കാര്യം പരിഗണിക്കൂ.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16 നായിരുന്നു കൂട്ടക്കുരുതി വിര്‍ജീനിയാ സാങ്കേതിക സര്‍വ്വകലാശാല വളപ്പില്‍ അരങ്ങേറിയത്. സൂംഹ് ഹി ചോ എന്ന മാനസിക രോഗമുള്ള വിദ്യാര്‍ത്ഥി 32 പേരെ വെടിവച്ച് കൊല്ലുകയും അനേകം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തതിനു ശേഷം ആത്‌മഹത്യ ചെയ്യുക ആയിരുന്നു.

രാവിലെ 7 മണിക്ക് തന്നെ രണ്ട് പേരെ ചോ കൊലപ്പെടുത്തി. എന്നാല്‍ അതിനു ശേഷം കൂട്ടക്കുരുതിക്ക് രണ്ട് മണിക്കൂര്‍ മുമ്പ് വരെ സര്‍വ്വകലാശാലാ അധികൃതര്‍ സംഭവത്തില്‍ മുന്നറിയിപ്പ് നല്‍കാന്‍ കുട്ടികള്‍ക്ക് ഇ മെയില്‍ അയച്ചില്ല. കാമ്പസിലെ ക്ലാസ് റൂമുകളില്‍ എത്തിയാണ് ചോ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :