വികിരണ ഭീതി: ചൈനക്കാര്‍ ഉപ്പുതിന്നുന്നു!

ബീജിംഗ്| WEBDUNIA|
PRO
സര്‍ക്കാരിന് ഉപ്പ് വിതരണം തലവേദനയായി മാറിയിരിക്കുന്നു. ഉപ്പിന് ആണവ വികിരണത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന കിംവദന്തികള്‍ പ്രചരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ആവശ്യത്തിലധികം ഉപ്പ് വാങ്ങിക്കൂട്ടുന്നതാണ് സര്‍ക്കാരിനെ ‘ഉപ്പ് പ്രതിസന്ധിയി’ലാക്കിയിരിക്കുന്നത്!

നാട്ടുകാര്‍ ചാക്കുകണക്കിന് ഉപ്പ് വാങ്ങിക്കൂട്ടുന്നത് തുടര്‍ന്നപ്പോള്‍ ഔദ്യോഗിക വാര്‍ത്താ ചാനലായ സിന്‍‌ഹുവ ഇതിനെതിരെയുള്ള പ്രചാരണവുമായി രംഗത്ത് എത്തിയിരുന്നു. ജപ്പാനില്‍ നിന്നുള്ള ആണവ വികിരണം രാജ്യത്തിന് ഭീഷണിയല്ല എന്നും ആവശ്യത്തിലും അധികം ഉപ്പും അയഡിനും അകത്താക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും വിദഗ്ധരെ ഉദ്ധരിച്ച് ചാനല്‍ പറഞ്ഞു. എന്നാല്‍, ജനങ്ങള്‍ ഉപ്പ് വാങ്ങിക്കൂട്ടുന്നത് നിര്‍ത്തിയിട്ടില്ല.

ഉപ്പിന് ആവശ്യക്കാര്‍ ഏറിയതോടെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും ഉപ്പിനായി പ്രത്യേക കൌണ്ടര്‍ തുറന്ന് വില്‍പ്പന പൊടിപൊടിക്കുകയാണ്. എന്നാല്‍, രാജ്യത്തെ ഉപ്പിന്റെ സ്റ്റോക്ക് ഉടന്‍ തന്നെ തീരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാനില്‍ നിന്നുള്ള വികിരണം കടല്‍ ജലത്തില്‍ കലര്‍ന്നു എന്നുള്ള കിംവദന്തിയും ഇതിനിടെ കാട്ടുതീ പോലെ പടര്‍ന്നിരുന്നു.

ബീജിംഗില്‍ കഴിഞ്ഞദിവസം മൂടിക്കെട്ടിയ പ്രഭാതമായിരുന്നതും ജനങ്ങളെ ആശങ്കാകുലരാക്കിയിരുന്നു. എന്നാല്‍, ഇത് മംഗോളിയയില്‍ ഉണ്ടായ പൊടിക്കാറ്റുമൂലമാണെന്ന് സിന്‍‌ഹുവ പിന്നീട് വിശദീകരണം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :