ലോകത്തെല്ലായിടത്തും ഫേസ്‌ബുക്ക് ഇന്റര്‍നെറ്റ് എത്തിക്കും!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ലോകത്തെല്ലായിടത്തും ഫേസ്‌ബുക്ക് ഇന്റര്‍നെറ്റ് എത്തിക്കും. ബലൂണുകള്‍, ആളില്ലാ വിമാനങ്ങള്‍, ലേസര്‍, ഉപഗ്രഹങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഫേസ്‌ബുക്ക് പദ്ധതിയൊരുക്കുന്നത്. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകമെങ്ങും സൗജന്യമായി ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് ലക്‍ഷ്യമെന്ന് സക്കര്‍ബെര്‍ഗ് നേരത്തെ പറഞ്ഞിരുന്നു.

സോളാര്‍ ബലൂണുകള്‍ വഴി ലോകമെങ്ങും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ശ്രമിക്കുന്ന ഗൂഗിളിനെക്കാള്‍ ബൃഹത്തായ പദ്ധതിയാണ് ഫേസ്‌ബുക്ക് തയാറാക്കുന്നത്. ഇന്റര്‍നെറ്റ് വ്യാപകമായിട്ടില്ലാത്ത വികസ്വര രാഷ്ട്രങ്ങളെയാണ് ഗൂഗിളും ഫേസ്ബുക്കും ലക്‍ഷ്യമിടുന്നതെന്നാണ് സൂചന.

ഫേസ്ബുക്കിന്റെ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന ആളില്ലാ വിമാനങ്ങള്‍, ലോ എര്‍ത്ത് ഓര്‍ബിറ്റ്, ജിയോസിന്‍ക്രോണസ് സാറ്റലൈറ്റ് എന്നിവ ഉപയോഗിച്ചാകും ഇന്റര്‍നെറ്റ് ലഭ്യമാക്കുക. ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനായി അദ്യശ്യമായ ഇന്‍ഫ്രാറെഡ് ലേസര്‍ ബീമുകളായിരിക്കും ഫേസ്ബുക്ക് ഉപയോഗിക്കുക.

പദ്ധതി നിര്‍വഹണത്തിനായി ഫേസ്ബുക്ക് കണക്ടിവിറ്റി ലാബ് ആരംഭിച്ചിട്ടുണ്ട്. എയ്‌റോസ്‌പെയ്‌സ്, കമ്മ്യൂണീക്കേഷന്‍ ടെക്‌നോളജി എന്നീ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് കണക്ടിവിറ്റി ലാബ് പ്രവര്‍ത്തിക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലാബ്, അമെസ് റിസെര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഫേസ്ബുക്ക് ശാസ്ത്രജ്ഞരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്.

സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ആളില്ലാ വിമാനം സെഫീര്‍ വികസിപ്പിച്ച ബ്രിട്ടീഷ് കമ്പനി അസെന്റായിലെ അഞ്ചംഗ വിദഗ്ധ സംഘത്തെയും ഫേസ്ബുക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :