ജര്‍മ്മനിയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാനെത്തിയ ദക്ഷിണാഫ്രിക്കന്‍ ആരാധകരുടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹൈവേയില്‍ അടിയന്തിരമായി നിലത്തിറക്കി. മത്സരം നടന്ന ബ്ലൂഫൊണ്ടെയിന് നഗരത്തിലേക്കുള്ള ഹൈവേയിലാണ് ആരാധകരുടെ ചെറിയ വിമാനം ഇറക്കിയത്.
ഗതാഗതത്തിരക്കുള്ള സമയത്താണ് ദക്ഷിണാഫ്രിക്കന്‍ ആരാധകരെയും വഹിച്ചു വന്ന വിമാനം ഹൈവേയില്‍ ഇറക്കേണ്ടി വന്നത്. ഉടന്‍ തന്നെ എന്‍ 1 ഹൈവേയില്‍ നിന്ന് വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി എന്ന് പൊലീസ് സൂപ്രണ്ട് സാം മഖേലെ പറഞ്ഞു.
വിമാനം റോഡരുകിലേക്ക് മാറ്റിയിട്ട ശേഷമാണ് ഹൈവേയിലൂടെയുള്ള ഗതാഗതം പുനരാരംഭിച്ചത്.
ബെനോനിയില്‍ നിന്നുള്ള ഒരു കുടുംബമായിരുന്നു വിമാനത്തില്‍ യാത്രചെയ്തിരുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന ആറ് പേര്‍ക്കും പരുക്കൊന്നും പറ്റിയില്ല.