ലാദന്‍ ഇനിയും ലോകത്തിന്റെ ഉറക്കം കെടുത്തും!

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
തന്റെ പ്രവര്‍ത്തികളിലൂടെ ഒസാമ ബിന്‍ ലാദന്‍ മരണം ഇരന്നുവാങ്ങുകയായിരുന്നു. ശത്രുവിന്റെ തടവറയില്‍ കഴിയുന്നതിലല്ല, മറിച്ച് ശത്രുവിനാല്‍ കൊല്ലപ്പെടാനായിരുന്നു ലാദന്‍ ആഗ്രഹിച്ചിരുന്നത്. ഒരു കുഴിമാടത്തിലും തന്നെ അടക്കരുതെന്നും ലാദന്‍ ആഗ്രഹിച്ചു.

ലോകം കണ്ട കൊടുംഭീകരന്‍ കൊല്ലപ്പെട്ടിട്ട് മെയ് രണ്ടിന് ഒരു വര്‍ഷം തികയുകയാണ്. ലാദന്‍ ഇന്ന് ഈ ലോകത്തില്ല, പക്ഷേ ലോകത്തെ ഇനിയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ലാദനു സാധിച്ചേക്കും എന്ന നിരീക്ഷണങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നുവരികയാണ്. “മരിച്ച ഒസാമ ജീവിച്ചിരുന്ന ഒസാമയെപ്പോലെ തന്നെ അപകടകാരിയാണ്“- മുതിര്‍ന്ന പാകിസ്ഥാനി പത്രപ്രവര്‍ത്തകന്‍ ഹമീദ് മിര്‍ ജിയോ ന്യൂസിന് വേണ്ടി തയ്യാറാക്കിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്.

ലാദന്‍ കൊല്ലപ്പെട്ട ശേഷം അല്‍ ഖ്വയിദയുടെ ശക്തി പലവട്ടം ക്ഷയിച്ചു. പക്ഷേ ഭീകരര്‍ക്ക് ഇന്നും പ്രചോദനമാകുന്നുണ്ട് ലാദന്‍. അഫ്ഗാന്‍ മുതല്‍ യമന്‍ വരെയും ഇറാഖ് മുതല്‍ പാലസ്തീന്‍ അവരെയുമുള്ള മേഖലകളില്‍ അവര്‍ നടത്തിവരുന്ന പോരാട്ടങ്ങള്‍ വെളിവാക്കുന്നത് അതാണ്. പാകിസ്ഥാനിലെ അബോട്ടാബാദിലുള്ള ഒളിത്താവളം വളഞ്ഞ് ലാദനെ ഇല്ലാതാക്കിയത് അമേരിക്കന്‍ സൈനികരാണ്. അമേരിക്കയോട് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന അമര്‍ഷവും പകയുമാണ് ഭീകരര്‍ക്ക് ഊര്‍ജ്ജം പകരുന്നത്.

ലാദന്റെ താവളം മാത്രമേ പാകിസ്ഥാന്‍ ഇടിച്ചുനിരത്തിയിട്ടുള്ളൂ. അല്‍ ഖ്വയിദയെ ഇടിച്ചുനിരത്താനോ തള്ളിപ്പറയാനോ അവര്‍ തുനിഞ്ഞിട്ടില്ല. ഇപ്പോഴും പാകിസ്ഥാനില്‍ ഒളിച്ചുപാര്‍ക്കുന്ന ഭീകരര്‍ ഏത് നിമിഷവും ആഞ്ഞടിച്ചേക്കാം എന്ന ബോധം ആ രാജ്യത്തിന് നല്ലപോലെയുണ്ട്. അഫ്ഗാനും പാകിസ്ഥാനും അമേരിക്കയല്ലാത്തിടത്തോളം കാലം ആ രാജ്യങ്ങള്‍ക്ക് അങ്ങനെ മാത്രമേ പെരുമാറാനാകൂ എന്നും മിര്‍ അഭിപ്രായപ്പെടുന്നു.

ലാദന്റെ ചോരയ്ക്ക് കണക്കുചോദിക്കാതിരിക്കാന്‍ അല്‍ ഖ്വയിദയ്ക്കാകില്ല. തിരിച്ചടികള്‍ പ്രതീക്ഷിച്ചുതന്നെയാണ് ലോകം കാത്തിരിക്കുന്നത്. അമേരിക്കയുടെ നയങ്ങള്‍ ഇനിയും ചാവേറുകളെ സൃഷ്ടിച്ചുകൊണ്ടിരിക്കും എന്നാണ് മിര്‍ പറഞ്ഞവസാനിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :