ലങ്കയില്‍ സുരക്ഷ ഉറപ്പാക്കാന്‍ യു‌എന്‍ ആഹ്വാനം

ന്യൂയോര്‍ക്ക്| WEBDUNIA|
രാജ്യത്തെ സാധാരണ പൌരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോടും വിമത തമിഴ് വിഭാഗത്തോടും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച അവസാനം രാജ്യത്തിന്‍റെ വടക്കന്‍ മേഖലയിലെ റാന്നി പ്രവിശ്യയില്‍ സൈന്യവും തമിഴ് പുലികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സാധാരണ ആളുകള്‍ കൊല്ലപ്പെടാന്‍ ഇടയായ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ഈ ആഹ്വാനം.

പോരാട്ടം അവസാനിപ്പിച്ച് സമാധാന ചര്‍ച്ച തുടങ്ങാനും സഭ ഇരു വിഭാഗത്തോടുമാവശ്യപ്പെട്ടിട്ടുണ്ട്. ശ്രീലങ്കന്‍ സൈന്യവും വിമത എല്‍‌ടി‌ടി‌ഇ വിഭാഗവും തമ്മിലുള്ള പോരാട്ടത്തില്‍ 250,000 സാധാരണ ജനങ്ങളെ ബാധിച്ചതായാണ് കണക്കാക്കപ്പെടുന്നത്. മുല്ലത്തീവിന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ ഈയിടെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. യു‌എന്‍ സ്റ്റാഫ് അംഗങ്ങളും ബന്ധപ്പെട്ടവരും താമസിക്കുന്ന ഈ പ്രദേശത്താണ് ആക്രമണത്തില്‍ സാധാരണ പൌരന്‍മാര്‍ കൊല്ലപ്പെട്ടത്.

പോരാട്ടത്തിനിരയായ സാധാരണക്കാര്‍ക്ക് സഹായം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായാണ് സുരക്ഷിത മേഖല സ്ഥാപിക്കപ്പെട്ടത്. ഈ മേഖലയിലേക്ക് പോരാട്ടം വ്യാപിപ്പിച്ചതിനെ ഐക്യരാഷ്ട്ര സഭ രൂക്ഷമായി വിമര്‍ശിച്ചു. നിരവധി പേരെ എല്‍‌ടി‌ടിഇ തടവിലാക്കിയിരിക്കുകയാണ്. ഇവരില്‍ ചിലരെ പുലികള്‍ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :