രാഷ്ട്രീയ പാക്കേജ് അവതരിപ്പിക്കും: രാജപക്സെ

കൊളൊംബോ| WEBDUNIA|
ശ്രീലങ്കയില്‍ 25 വര്‍ഷമായി നിലനില്‍ക്കുന്ന വംശീയ പ്രശ്നം പരിഹരിക്കുന്നതിന് രാഷ്ട്രീയ പാക്കേജ് അവതരിപ്പിക്കുമെന്ന് പ്രസിഡന്‍റ് മഹിന്ദാ രാജപക്സെ. അതേസമയം, അക്രമങ്ങള്‍ തുടര്‍ന്നാല്‍ എല്‍ ടി ടി ഇ യെ നിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇനിയും കൂടുതല്‍ അക്രമങ്ങള്‍ നടത്തിയാല്‍ സര്‍ക്കാരിന് മുന്നില്‍ വേറെ മാര്‍ഗ്ഗമില്ല.എല്‍ ടി ടി യെ നിരോധിക്കേണ്ടി വരും. നമ്മുടെ ക്ഷമയ്ക്ക് അതിരുണ്ട്- എല്‍ ടി ടി ഇ യെ നിരോധിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി രാജപക്സെ പറഞ്ഞു.

സര്‍വകക്ഷി പ്രതിനിധി സംഘത്തിന്‍റെ(എ പി ആര്‍ സി) ശുപാര്‍ശകള്‍ക്കായി കാക്കുകയാണ്. തമിഴ് വംശീയ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയാണ് എ പി ആര്‍ സിയുടെ ലക്‍ഷ്യം.

എ പി ആര്‍ സിയുടെ ശുപാര്‍ശകള്‍ക്കായി സര്‍ക്കാര്‍ കാക്കുകയാണെന്നാണ് കഴിഞ്ഞ മാ‍സം വിദേശകാര്യ മന്ത്രി രോഹിത ബൊഗോല്ലഗാമ വെളിപ്പെടുത്തിയിരുന്നു. സംഘം അതിന്‍റെ നടപടികളുടെ അവസാന ഘട്ടത്തിലേക്ക് കടന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്‍ ടി ടി യുമായി പോരാ‍ടുമ്പോള്‍ തന്നെ സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് രാജപക്സെ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്‍ ടി ടി ഇ യെ സൈനികമായി ദുര്‍ബലപ്പെടുത്തിയാല്‍ മാത്രമേ ലങ്കയില്‍ സമാധാനം പുലരുകയുള്ളൂവെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :