യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ ബിന്‍ ലാദന്‍

നികോഷ്യ| WEBDUNIA| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2009 (10:29 IST)
അമേരിക്കയുമായുള്ള ബന്ധം ഉപേക്ഷിക്കാനും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍‌വലിക്കാനും യൂറോപ്യന്‍ രാ‍ജ്യങ്ങളോട് അല്‍ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍റെ മുന്നറിയിപ്പ്. ബുദ്ധിയുള്ള ഒരു വ്യക്തി അദ്ദേഹത്തിന്‍റെ പണവും മകനേയും വാഷിംഗ്ടണിലെ ക്രിമിനല്‍ സംഘത്തിന് വേണ്ടി പാഴാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഇന്‍റലിജന്‍സ് ഗ്രൂപ്പ് സൈറ്റ് ആണ് ലാദന്‍റെ പുതിയ ഭീഷണി സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

അമേരിക്കന്‍ സഖ്യവും അവരുടെ സഹായികളും അഫ്ഗാനില്‍ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ലണ്ടനും മാഡ്രിഡും ആക്രമിക്കുമെന്നും ലാദന്‍ അടിവരയിട്ട് പറയുന്നു. ജിഹാദിസ്റ്റ് ഇന്‍റര്‍നെറ്റ് ഫോറത്തില്‍ പ്രക്ഷേപണം ചെയ്ത ഓഡിയോ സന്ദേശത്തിലാണ് ലാദന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് ഓഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്.

ഓഡിയോ സന്ദേശത്തോടൊപ്പം ലാദന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ അഞ്ച് മിനുട്ട് നീണ്ട വീഡിയോയുമുണ്ട്. പീഡനങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് കടുത്ത ഭാഷയിലാണ് ലാദന്‍ ഭീഷണി മുഴക്കിയത്. സാമ്പത്തിക യുദ്ധത്തിന് കാരണം അമേരിക്കയാണെന്നും ലാദന്‍ കുറ്റപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :