റഷ്യയില്‍ നിന്നുള്ള വാതകം എത്രയും പെട്ടന്ന് യൂറോപ്പിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് ഉക്രെയിന്റെ ഔദ്യോഗിക ഊര്‍ജ്ജ സംരഭമായ നാഫ്റ്റോഗ്യാസ് അറിയിച്ചു. 36 മണിക്കൂറിനുള്ളിലെങ്കിലും ഇത് സാധ്യമാക്കാനാണ് ഉക്രെയിന് ശ്രമിക്കുന്നതെന്നും നാഫ്റ്റോഗ്യാസ് വക്താവ് വാലന്ഡിന് സെമിലിയാന്സ്കി അറിയിച്ചു.
വാതക വിതരണം സംബന്ധിച്ച് ഉക്രെയിനുമായുണ്ടായിരുന്ന തര്‍ക്കം ഇന്നലെ നടന്ന ചര്‍ച്ചയില്‍ പരിഹരിച്ചതിനെത്തുടര്‍ന്നാണ് യൂറോപ്പിലേക്കുള്ള വാതക വിതരണം പുനരാരംഭിക്കാന്‍ റഷ്യ തീരുമാനിച്ചത്. റഷ്യയില്‍ നിന്നുള്ള വാതകം ഉക്രെയിന്റെ എല്ലാ പ്രവേശന പോയന്റുകളിലും എത്തിയതായും നാഫ്റ്റോഗ്യാസ് വക്താവ് അറിയിച്ചു.
റഷ്യയില്‍ നിന്നും വാതകം ഉക്രെയിനിലെ പൈപ്പ്ലൈനുകളില്‍ നിറയുന്നുണ്ടെന്നും ഇരു രാജ്യങ്ങളുടെയും പൈപ്പ് ലൈനുകളില്‍ മര്‍ദ്ദം തുല്യമായാല്‍ യൂറോപ്പിലേക്കുള്ള വിതരണം ആരംഭിക്കുമെന്നും ഉക്രേനിയന്‍ പൈപ്പ്ലൈന് ഓപറേറ്ററായ ഉക്താന് ഗ്യാസിന്റെ വക്താവ് അറിയിച്ചു. റഷ്യന്‍ ഊര്‍ജ്ജ സംരഭമായ ഗാസ്പ്രോമും വാതക വിതരണം നടക്കുന്നതായി സ്ഥിരീകരിച്ചു.
ഉക്രെയിനുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ആ രാജ്യം വഴി യൂറോപ്പിലേക്കുള്ള വാതക വിതരണം രണ്ടാഴ്ചയായി റഷ്യ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വാതകവിതരണം തടസ്സപ്പെട്ടത് യൂറോപ്പില്‍ വന്‍തോതിലുള്ള ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായതിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്താന്‍ തീരുമാനമായത്.