യു‌എസില്‍ വീണ്ടും വെടിവയ്പ് ദുരന്തം

വാഷിംഗ്ടണ്‍| WEBDUNIA|
PRO
അമേരിക്കയില്‍ വീണ്ടും വെടിവയ്പ് ദുരന്തം. മധ്യവെര്‍ജീനിയയില്‍ ഒരാള്‍ എട്ടുപേരെയാണ് വെടിവച്ചുകൊന്നത്. അക്രമിയെ ജീവനോടെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

ഒരു പൊലീസ് ഹെലികോപ്ടറിന് നേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ത്തിരുന്നു. ഏറെ നേരം ഏറ്റുമുട്ടലിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ഇയാളെ കീഴടക്കാനായത്.

അക്രമിയെ തിരിച്ചറിഞ്ഞതായും ക്രിസ്റ്റഫര്‍ സ്പീറ്റ് എന്ന ഇയാള്‍ക്ക് മുപ്പത്തിയൊമ്പത് വയസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ വെടിയുതിര്‍ക്കാനുള്ള കാരണം വ്യക്തമല്ല.

ഒരു വീട്ടിലായിരുന്നു ഏഴു ശവശരീരങ്ങളും കണ്ടെത്തിയത്. എട്ടാമത്തെയാള്‍ക്ക് തെരുവില്‍ വെച്ചാണ് വെടിയേറ്റത്. ഇതോടെയാണ് സംഭവം പുറം‌ലോകമറിയുന്നത്. ഇയാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.

മരിച്ചവരില്‍ കുട്ടികള്‍ ഇല്ലെന്നും എല്ലാവരും പ്രായപൂര്‍ത്തിയായവരാണെന്നും പൊലീസ് പറഞ്ഞു. വെടിയുതിര്‍ത്ത ക്രിസ്റ്റഫറുടെ ഭാര്യയും മകനും കൊല്ലപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സൂചന നല്‍കി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായില്ല.

സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ അക്രമി കുറച്ചു തടികള്‍ക്കിടയില്‍ ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ സമയം തന്നെ എത്തിയ പൊലീസ് ഹെലികോപ്റ്ററിന് നേര്‍ക്കും ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷമാണ് ഇയാളെ കീഴടക്കാന്‍ കഴിഞ്ഞതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇതിനടുത്ത് ഒരു സ്കൂളും നിരവധി കെട്ടിടങ്ങളും ഉണ്ടായിരുന്നെങ്കിലും കുട്ടികള്‍ക്കോ കെട്ടിടങ്ങളിലെ താമസക്കാര്‍ക്കോ വെടിയേറ്റില്ലെന്ന് പൊലീസ് പറഞ്ഞു.

2007 ല്‍ വെര്‍ജീനിയ ടെക് സര്‍വ്വകലാശാലയിലുണ്ടായ വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ ഒരു സൈനിക ക്യാമ്പിലെ ഡോക്ടര്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തതും യു‌എസില്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :