യുഎസ് ഭീഷണി ഉത്തരകൊറിയ തള്ളി

സിയോള്‍| WEBDUNIA| Last Modified വെള്ളി, 27 ഫെബ്രുവരി 2009 (14:27 IST)
ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിന്‍റെ പേരിലുള്ള അമേരിക്കയുടെ ഭീഷണി ഉത്തരകൊറിയ തള്ളി. വാര്‍ത്താ വിനിമയ ഉപഗ്രഹ വിക്ഷേപണത്തിന് മാത്രമാണ് ലക്‍ഷ്യമിടുന്നതെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. ആണവ നിരായുധീകരണ ചര്‍ച്ചയ്ക്ക് ഒരു പ്രതിനിധിയെ ഉത്തരകൊറിയയിലേയ്ക്ക് അയയ്ക്കുമെന്ന് ഇന്നലെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ പറഞ്ഞിരുന്നു.

ദക്ഷിണകൊറിയയുമായി ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ കുറിച്ച് ഹിലാരി ടെലഫോണില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ഉപഗ്രഹ പരീക്ഷണം മാത്രമാണെന്ന് ഉത്തരകൊറിയ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഉപഗ്രഹം ഉടന്‍ ഭ്രമണപഥത്തിലെത്തുമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താവിനിമയ ഉപഗ്രഹ വിക്ഷേപണത്തിന് പൂര്‍ണ്ണ സജ്ജമായതായി കഴിഞ്ഞ ദിവസവും ഉത്തരകൊറിയ അറിയിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്പെയ്സ്‌ ടെക്നോളജീസ് ഏജന്‍സിയാണ് ഉപഗ്രഹ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി അറിയിച്ചത്.

എന്നാല്‍ ഏറ്റവും പുതിയ ടീപോഡോങ്-2 എന്ന ദീര്‍ഘദൂര മിസൈല്‍ പരീക്ഷണമാണിതെന്നാണ് കരുതുന്നത്. ചൈനയുടെ പിന്തുണയോടെയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതെന്ന് വാര്‍ത്തയുണ്ട്. 2006ല്‍ 4200 മൈല്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക്‌ മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. തുടര്‍ന്ന് യുഎന്‍ സുരക്ഷാ കൌണ്‍സില്‍ ഉത്തരകൊറിയക്ക് മിസൈല്‍ പരീക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അന്നത്തെ പരീക്ഷണം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരകൊറിയയുടെ പുതിയ നീക്കം എന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :