യുഎസ് ഭീകര ഭീഷണി നിഴലില്‍

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ശനി, 30 ഒക്‌ടോബര്‍ 2010 (10:45 IST)
യമനില്‍ നിന്ന് യുഎസിനെതിരെയുള്ള ഒന്നിലധികം ഭീകരാക്രമണ ശ്രമങ്ങള്‍ കഴിഞ്ഞ ദിവസം നിഷ്ഫലമാക്കി. ചിക്കാഗോയിലുള്ള സിനഗോഗുകളുടെ മേല്‍‌വിലാസത്തില്‍ കാര്‍ഗോ ജെറ്റുകളില്‍ അയച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടിയതാണ് ഭീകരാക്രമണ പദ്ധതി തടയാന്‍ സഹായിച്ചത്.

സ്ഫോടക വസ്തുക്കളുടെ രണ്ട് പാക്കറ്റുകളാണ് കഴിഞ്ഞ ദിവസം വിമാനങ്ങളില്‍ നിന്ന് കണ്ടെത്തിയത്. ഒരെണ്ണം ദുബായില്‍ വച്ചും മറ്റൊന്ന് ഇംഗ്ലണ്ടില്‍ വച്ചുമാണ് അധികൃതര്‍ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതോടെ അല്‍-ക്വൊയ്ദ വീണ്ടും വന്‍ ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നു എന്ന സംശയം ബലപ്പെടുകയാണ്.

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ ഡിട്രോയിറ്റില്‍ ബോംബാക്രമണം നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട അല്‍-ക്വൊയ്ദയുടെ യെമന്‍ ഘടകമാണ് ആക്രമണ പദ്ധതി ഒരുക്കുന്നത് എന്ന് യുഎസ് കരുതുന്നു. ഡിട്രോയിറ്റ് ആക്രമണത്തിന് ഉപയോഗിച്ച തരം സ്ഫോടക വസ്തുക്കളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

ഇതിനിടെ, മുംബൈ ഭീകരാക്രമണ മാതൃകയില്‍ ബ്രിട്ടണിലും ജര്‍മ്മനിയിലും ഫ്രാന്‍സിലും ഭീകരാക്രമണം നടത്താനുള്ള പദ്ധതി അല്‍-ക്വൊയ്ദ പുനരുജ്ജീവിപ്പിക്കുകയാണെന്ന് മുന്‍ അല്‍-ക്വൊയ്ദ പരിശീലകന്‍ നോമന്‍ ബൈനോട്ട്‌മാന്‍ വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :