മെയ് 21, വൈകിട്ട് 6 മണി; ലോകം അവസാനിച്ചില്ല!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
മെയ് 21 വൈകിട്ട് 6 മണി ആയിട്ടും ലോകം അവസാനിച്ചില്ല! കാലിഫോര്‍ണിയയിലെ ഓക്‍ലന്‍ഡിലുള്ള ഹരോള്‍ഡ് കാമ്പിംഗ് എന്ന പാസ്റ്റര്‍ നടത്തിയ പ്രവചനം ഫലിച്ചില്ല. രണ്ടാം തവണയാണ് കാമ്പിംഗ് ലോകവസാനം സംബന്ധിച്ച പ്രവചനം നടത്തി പരാജിതനാവുന്നത്.

വെള്ളപ്പൊക്കം മൂലം ലോകം അവസാനിക്കുമെന്ന് ദൈവം നോഹയെ അറിയിച്ചിരുന്നു. അന്ന് നോഹ തന്റെ പെട്ടകത്തില്‍ രക്ഷപെട്ടു. അതിനാല്‍, ഇനി വെള്ളപ്പൊക്കം കൊണ്ട് ലോകവസാനം സംഭവിക്കില്ല എന്നും ഭൂമികുലുക്കം കൊണ്ടായിരിക്കും ഇത്തവണ ലോകവസാനമുണ്ടാവുക എന്നും കാമ്പിംഗ് പ്രചരിപ്പിച്ചിരുന്നു.

ലോകാവസാനം പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ ലോകത്തിലുടനീളം ഉയര്‍ത്തിയാണ് കാമ്പിംഗ് പൊതുജനങ്ങളില്‍ ഭീതി പടര്‍ത്തിയത്. ഫാമിലി റേഡിയോ എന്ന മതകാര്യ റേഡിയോയുടെ നടത്തിപ്പുകാരനാണ് പാസ്റ്റര്‍ കാമ്പിംഗ്.

കാമ്പിംഗ് പ്രവചിച്ച അന്ത്യവിധി സമയം കഴിഞ്ഞതോടെ അതെ കുറിച്ചുള്ള ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റുകളില്‍ പൊടിപൊടിക്കുകയാണ്. ഇപ്പോള്‍ 6:06 ആയി എന്നും ലോകാവസാനം സംഭവിച്ചില്ല എന്നും ഇതെ കുറിച്ച് ആശങ്കപ്പെട്ടവര്‍ക്ക് ഇനി സമാധാനമായി ഇരിക്കാമെന്നും ന്യൂസിലന്‍ഡില്‍ നിന്നുള്ള ഒരു ട്വീറ്റില്‍ പറയുന്നു.

ലോകത്തില്‍ പല സമയ മേഖലകള്‍ ഉണ്ടെങ്കിലും മെയ് 21 വൈകിട്ട് ആറ് മണി കഴിഞ്ഞ ഒരിടത്തും ഭൂചലനമോ മറ്റ് വലിയ പ്രകൃതി ദുരന്തങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ, 1994 സെപ്തംബര്‍ ആറിന് ലോകം അവസാനിക്കുമെന്ന് കാമ്പിംഗ് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍, അന്നത്തെ കണക്കില്‍ ഒരു പിഴവ് സംഭവിച്ചു എന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. ഇനി ഇപ്പോഴത്തെ ‘വലിയ’ പിഴവിനെ കുറിച്ചും അദ്ദേഹം പ്രതികരിക്കുമെന്ന് കരുതാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :