മ്യാന്‍മറില്‍ സന്ദര്‍ശനം നടത്തുന്നതിന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സന്നദ്ധത അറിയിച്ചു. എല്ലാ രാഷ്ട്രീയ തടവുകാരേയും മോചിപ്പിക്കുന്നതിന് മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് മൂണ്‍ വീണ്ടും സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നത്.
6300 തടവുകാരെ മോചിപ്പിക്കുമെന്ന് നേരത്തെ മ്യാന്‍മര്‍ പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ തടവുകാരെ കൂടി മോചിപ്പിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്താന്‍ യു എന്‍ തീരുമാനിച്ചത്.
2010ലെ പൊതു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാണ് തടവുകാരെ മോചിപ്പിക്കുന്നത്. രണ്ടായിരത്തോളം രാഷ്ട്രീയ തടവുകാരാണ് ജയിലുകളില്‍ കഴിയുന്നത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ പ്രതിനിധി ഇബ്രാഹിം ഗംബാരി അടുത്തിടെ മ്യാന്‍മര്‍ സന്ദര്‍ശിച്ചിരുന്നു. ഗംബാരി മടങ്ങിയ ഉടനെയാണ് തടവുകാരെ മോചിപ്പിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
ഗംബാരി മടങ്ങിയെത്തിയ ശേഷം മ്യാന്‍മര്‍ സന്ദര്‍ശിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ബാന്‍ കി മൂണിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പട്ടാള ഭരണം നിലനില്‍ക്കുന്ന മ്യാന്‍മറിനെ ജനാധിപത്യത്തിലേയ്ക്ക് കൊണ്ടുവരാനുള്ള അവസരമാണ് ഇതെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു. സന്ദര്‍ശന വേളയില്‍ മ്യാന്‍മര്‍ വിമോചന നേതാവ് ആങ് സാങ് സൂകി അടക്കമുള്ളവരുമായി മൂണ്‍ കൂടിക്കാഴ്ച നടത്തും.