മുംബൈ: പ്രതികളുടെ വിചാരണ പുനരാരംഭിച്ചു

ഇസ്‌‌ലാമബാദ്| WEBDUNIA| Last Modified ശനി, 18 ജൂലൈ 2009 (16:48 IST)
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളായ സക്കീവുര്‍ റഹ്‌മാന്‍ ലഖ്‌വി അടക്കമുള്ള പ്രതികളുടെ പാകിസ്ഥാന്‍ പുനരാരംഭിച്ചു. റാവല്‍പിണ്ടിയിലെ ആദില ജയിലിലെ ഭീകര വിരുദ്ധ കോടതിയിലാണ് വിചാരണ ആരംഭിച്ചത്. കേസില്‍ വാദം കേട്ടുകൊണ്ടിരുന്ന ജഡ്ജിയെ മാറ്റിയതിനെ തുടര്‍ന്നാണ് വിചാരണ തടസപ്പെട്ടത്.

പുതുതായി നിയോഗിക്കപ്പെട്ട ജഡ്ജി ബാഖിര്‍ അലി റാണയ്ക്ക് മുന്‍പാകെയാണ് വിചാരണ നേരിട്ടത്. കേസ് ജൂലൈ 25ന് വീണ്ടും പരിഗണിക്കും. വിചാരണ ക്യാമറയില്‍ പകര്‍ത്തിയിരുന്നോ എന്ന് വ്യക്തമല്ല. വിചാരണയ്ക്ക് മുന്‍പുള്ള നടപടി ക്രമങ്ങള്‍ മാത്രമാണ് ഇന്ന് നടന്നതെന്ന് പ്രതികളുടെ അഭിഭാഷകനായ ഷഹബാസ് രജ്പുത് പറഞ്ഞു.

സക്കിര്‍ റഹ്മാന്‍ ലഖ്‌വി, സരാര്‍ ഷാ എന്നിവരെ കുടാ‍തെ അബു അല്‍ ക്വാമ, ഷാഹിദ് ജമീല്‍ റിയാസ്, അമീന്‍ സാദിഖ് എന്നി ലഷകര്‍ ഭീകരരേയുമാണ് വിചാരണ ചെയ്തത്. ജൂലൈ ആദ്യം കേസ് പരിഗണിച്ചിരുന്നെങ്കിലും ജഡ്ജിയുടെ അഭാവത്തില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ വാദം കേട്ടുകൊണ്ടിരുന്ന നമ്പര്‍ - 2 ഭീകര വിരുദ്ധ കോടതി ജഡ്ജി മുഹമ്മദ് കഹൂതിനെ തത്സ്ഥാനത്തു നിന്ന് മാറ്റിയതിനെ തുടര്‍ന്ന് മെയ് 23നു ശേഷം കേസിന്‍റെ വിചാരണയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കര്‍ - ഇ -തൊയ്ബയാണെന്ന് പാകിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണ കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയ 36 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കസ്റ്റഡിയിലുള്ള അജമല്‍ ആ‍മിര്‍ കസബ് പാകിസ്ഥാന്‍ സ്വദേശിയാനെന്ന് പാകിസ്ഥാന്‍ സമ്മതിച്ചു. കേസ് സംബന്ധിച്ച് ആദ്യമായാണ് പാകിസ്ഥാന്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :