മുംബൈ: തെളിവു പോരെന്ന് പാകിസ്ഥാന്‍

ഇസ്ലാമബാദ്| PRATHAPA CHANDRAN| Last Modified ചൊവ്വ, 10 ഫെബ്രുവരി 2009 (08:39 IST)
മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുക ശ്രമകരമാണെന്ന് പാകിസ്ഥാന്‍. ഭീകരാക്രമണത്തെ കുറിച്ച് നിലനില്‍ക്കത്തക്ക തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടില്ല എന്ന നിലപാടിലാണ് പാകിസ്ഥാന്‍.

മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യയ്ക്ക് നല്‍കേണ്ട മറുപടിയെ കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പാകിസ്ഥാനില്‍ കാബിനറ്റ് യോഗം ചേര്‍ന്നിരുന്നു. തെളിവുകളുടെ അഭാവം അന്വേഷണത്തിന് വിഘാതമായെന്ന് കാബിനറ്റ് സമിതി വിലയിരുത്തി.

അന്വേഷണം പൂര്‍ത്തിയാക്കാനായി കേസിനെ കുറിച്ച് പാകിസ്ഥാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇന്ത്യ മറുപടി നല്‍കിയിട്ടില്ല. ഫെഡറല്‍ ഇന്‍‌വസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐ‌എ) യ്ക്ക് ഇന്ത്യയില്‍ നിന്നുള്ള മറുപടി ലഭിച്ചാല്‍ മാത്രമേ അന്വേഷണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ.

മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഒരു കേസ് രജിസ്റ്റര്‍ ചെയ്യാനും പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോവാനും കാബിനറ്റ് സമിതി തീരുമാനിച്ചു. കുറ്റക്കാരെ പാകിസ്ഥാന്‍ നിയമത്തിനു കീഴില്‍ വിചാരണ ചെയ്യാനാണ് തീരുമാനം.

പാകിസ്ഥാന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്ത് വരുമെന്നാണ് കരുതുന്നത്. ആക്രമണ പദ്ധതിയൊരുക്കിയത് പാകിസ്ഥാനില്‍ നിന്നല്ല എന്ന് സമര്‍ത്ഥിക്കാനാണ് റിപ്പോര്‍ട്ടില്‍ ശ്രമിച്ചിരിക്കുന്നത് എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :