മധുവിധു കൊലപാതകം: ഇന്ത്യന്‍ വംശജനെ നാടുകടത്തി

ലണ്ടന്‍| WEBDUNIA|
PRO
മധുവിധു കാലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനെ നാടുകടത്തി. യുകെ സ്വദേശിയായ ബിസിനസുകാരന്‍ ശ്രീയന്‍ ദിവാനി (34)യെയാണ് വിചാരണ നേരിടുന്നതിന് ദക്ഷിണാഫ്രിക്കയിലേക്ക് നാട് കടത്തിയത്.

തന്റെ ഭാര്യയായ ഇന്തോ- സ്വീഡീഷ് വംശജ അന്നി(31)യെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. 2010 നവംബറിലാണ് അന്നി ആഫ്രിക്കയിലെ ഗുഗുലേത്തു ടൗണ്‍ഷിപ്പില്‍ വെടിയേറ്റു മരിച്ചത്. ഇന്ത്യയില്‍ വിവാഹിതരായ ശേഷം മധുവിധു ആഘോഷത്തിന് ആഫ്രിക്കയില്‍ എത്തിയതായിരുന്നു ദമ്പതികള്‍.

അക്രമികളുടെ കേന്ദ്രമായ ഗുഗുലേത്തുവിലേക്ക് കാറില്‍ സഞ്ചരിച്ചതും അന്നിക്കു മാത്രം വെടിയേറ്റതും അന്വേഷണ സംഘത്തിന് തുടക്കത്തിലെ സംശയം ദിവാനിയിലേക്ക് തിരിയാന്‍ കാരണമായി. അന്നത്തെ ഇവരുടെ കാറ് ഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തുവന്നത്.

അക്രമികള്‍ക്ക് 15,000 റാന്‍ഡ് (1379 പൗണ്ട്) നല്‍കി ആക്രമണ നാടകം നടത്തുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ കുറ്റം ദിവാനി നിഷേധിച്ചിട്ടുണ്ട്. ദിവാനിയെ ഇന്നലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നും കേപ് ടൗണിലേക്ക് അയച്ചു.

ബ്രിസ്‌റ്റോളിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് ദീവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിമാനത്താവളത്തില്‍ വച്ച് സ്കോട്‌ലന്‍ഡ് യാഡ്, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.

കേസില്‍ ഇയാളെ പിടികൂടാന്‍ സഹായിക്കുന്നതിന് സഹായിക്കണമെന്ന ദക്ഷിണാഫ്രിക്കയുടെ അഭ്യര്‍ഥന പ്രകാരം ബ്രിട്ടീഷ് നാടുകടത്തല്‍ യൂണിറ്റ് 2010 ഡിസംബര്‍ ഏഴിന് ദിവാനിയെ പിടികൂടിയിരുന്നു. എന്നാല്‍ ഇയാളുടെ മാനസിക നില തകരാറിലാണെന്നു കാട്ടി കൂടുംബാംഗങ്ങള്‍ കോടതിയെ സമീപിച്ചതോടെ നാടുകടത്തല്‍ നടപടി നിയമക്കുരുക്കില്‍ പെടുകയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :