ഭീഷണി: യെമനിലെ യു‌എസ് എംബസി അടച്ചു

സന| WEBDUNIA| Last Modified ഞായര്‍, 3 ജനുവരി 2010 (15:23 IST)
PRO
അല്‍ ഖ്വൈദയുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് യെമനിലെ യു‌എസ് എംബസി അടച്ചു. എംബസിയില്‍ ജോലി ചെയ്യുന്ന യെമന്‍ സ്വദേശികള്‍ക്ക് നേരെയാണ് ഭീഷണി. ഇവരോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓഫീസില്‍ എത്തേണ്ടെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അമേരിക്കയ്ക്കെതിരെ യെമന്‍ കേന്ദ്രമാക്കി അല്‍ ഖ്വൈദ ആക്രമണ പദ്ധതികള്‍ തയ്യാറാക്കുന്നതായി കഴിഞ്ഞ ദിവസം യു‌എസ് യാത്രാവിമാനത്തില്‍ സ്ഫോ‍ടനം നടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നൈജീരിയന്‍ സ്വദേശി അബ്ദുള്‍ മുതല്ലാബ് വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ മുന്‍ കരുതല്‍ നടപടി. യെമന്‍ തലസ്ഥാനമായ സനയിലാണ് യു‌എസ് എംബസി സ്ഥിതി ചെയ്യുന്നത്.

എംബസി ഇന്നത്തേക്ക് അടച്ചിടുകയാണെന്ന് വെബ്സൈറ്റില്‍ അറിയിച്ചിട്ടുണ്ട്. യെമനിലെ അമേരിക്കന്‍ പൌരന്‍‌മാര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ എംബസിയിലെ യു‌എസ് നയതന്ത്ര പ്രതിനിധികള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. എംബസി ലക്‍ഷ്യം വെച്ച് നേരിട്ട് ഭീഷണി സന്ദേശം എത്തുകയായിരുന്നോ അതോ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ ഉപദേശമനുസരിച്ചാണോ എംബസി അടച്ചിടാന്‍ തീരുമാനിച്ചതെന്ന് വ്യക്തമല്ല.

അല്‍ ഖ്വൈദയെ തുരത്തുന്നതിനായി കൂടുതല്‍ സഹകരണം നല്‍കുന്നത് സംബന്ധിച്ച് യെമന്‍ ഭരണകൂടവുമായി അമേരിക്ക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ലക്‍ഷ്യമിട്ട് യെമനിലെ പരിശീലന കേന്ദ്രത്തില്‍ നിരവധി പേര്‍ക്ക് അല്‍ ഖ്വൈദ പരിശീലനം നല്‍കുന്നുണ്ടെന്നും അബ്ദുള്‍ മുതല്ലാബ് വെളിപ്പെടുത്തിയിരുന്നു. ഈ ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയാണ് മുതല്ലാബ് അമേരിക്കന്‍ വിമാനം തകര്‍ക്കാന്‍ നിയോഗിക്കപ്പെട്ടത്. എന്നാല്‍ ദൌത്യം പാളിപ്പോകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :