ലാഹോര്‍|
WEBDUNIA|
Last Modified വെള്ളി, 23 ഏപ്രില്‍ 2010 (13:45 IST)
പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് സംശയിക്കുന്നവരില്‍ തൊണ്ണൂറു ശതമാനവും ഇരുമ്പഴിക്കുള്ളിലാണെന്ന് പാകിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. ബേനസീറിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ദാരി പറഞ്ഞു.
ബേനസീറിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ യുഎന്‍ സഹായം തേടിയതിനു കാരണം പാര്‍ലമെന്റും നാല് പ്രാദേശിക നിയമസഭകളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചതുകൊണ്ടാണ്. പക്ഷപാതരഹിതമായ അന്വേഷണത്തിന് യുഎന്‍ സമിതിയുടെ സാന്നിധ്യം ആവശ്യമാണെന്ന് സഭകള്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റിന്റെ സുപ്രധാന അധികാരങ്ങള്‍ പ്രധാനമന്ത്രിക്ക് കൈമാറിയതിലൂടെ പിപിപി വിമര്‍ശകരുടെ വായടച്ചിരിക്കുകയാണ്. പാര്‍ട്ടിക്ക് ജനങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം വേണ്ടതെന്നും സര്‍ദാരി ‘ഡെയ്ലി ടൈംസി’നു നല്കിയ അഭിമുഖത്തില്‍ പറയുന്നു.