ബഹ്‌റൈനും കത്തുന്നു; പൊലീസ് വെടിവെപ്പ്

മനാമ| WEBDUNIA|
PRO
PRO
ബഹ്‌റൈനില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭരണ വിരുദ്ധ കലാപത്തില്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ സുരക്ഷാഭടന്മാരുടെ വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ പരിക്കേറ്റ് നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ അമ്പത്തിയഞ്ച് പേര്‍ക്ക് പരിക്കേറ്റുവെന്നും അതില്‍ ഏഴ് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മനാമയിലെ പിയര്‍ റൌണ്ടെബൌട്ടില്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരുന്ന പ്രക്ഷോപകാരികളെയാണ് പട്ടാളക്കാര്‍ വെടിവച്ചത്.

ഈജിപ്തില്‍ ഉണ്ടായ ഭരണമാറ്റം പോലൊന്നാണ് ബഹറൈന്‍ പ്രക്ഷോഭകാരികളും ആവശ്യപ്പെടുന്നത്. ഏകാധിപത്യ വാഴ്ചക്കെതിരെ ഈജിപ്തിലെ ജനാധിപത്യ വിശ്വാസികള്‍ നടത്തിയ പ്രക്ഷോഭം ഹോസ്നി മുബാറക്കിനെ കടപുഴക്കിയത് ഈയടുത്ത ദിവസമാണ്. തുടര്‍ന്നാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും പ്രക്ഷോഭം പടര്‍ന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നാല് പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിരുന്നു. മനാമയിലെ സല്‍മാനിയ ആശുപത്രിയുടെ മുന്നില്‍ നൂറുകണക്കിന് പ്രക്ഷോഭകാരികള്‍ തടിച്ചുകൂടിയിരിക്കുകയാണ്. പതിനാലിന് ആരംഭിച്ച പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ഷിയ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സുന്നികള്‍ക്ക് കിട്ടുന്ന പരിഗണ രാജ്യത്തെ ഭൂരിഭാഗ വിഭാഗമായ തങ്ങള്‍ക്ക് കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. മാത്രമല്ല വിദേശികളായ സുന്നികള്‍ക്ക് ഉന്നത തൊഴിലവസരങ്ങള്‍ നല്‍കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

ഈജിപ്തിനും ബഹ്‌റൈനും പുറമെ ടുണീഷ്യ, യെമെന്‍ തുടങ്ങിയ രാജ്യങ്ങളിലും ഭരണ വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് മേഖലയിലെ ജനങ്ങള്‍ ഭരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തി ഭരണകൂടത്തെ അട്ടിമറിക്കുന്ന കാഴ്ച ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :