ബലൂചിസ്ഥാന്‍ ഭൂചലനം: മരണസഖ്യ ഇരൂനൂറ്റിപ്പതിനേഴായി

ഇസ്ലാമാബാദ്| WEBDUNIA|
PTI
PTI
പാകിസ്ഥാനില്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 217ആയി. 350 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പാക് ആഭ്യന്തര സെക്രട്ടറി ആസാദ് ഗിലാനി അറിയിച്ചത്. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്‌ലാമാബാദ്, റാവല്‍പിണ്ടി, കറാച്ചി, ഹൈദരാബാദ്, ലര്‍ക്കാന തുടങ്ങിയ പ്രദേശങ്ങളിലും ഭൂചലനമനുഭവപ്പെട്ടു. റോഡുകള്‍ തകര്‍ന്നതും അപകടസ്ഥലത്തേക്കുള്ള ദൂരക്കൂടുതലുമാണ് രക്ഷാപ്രവര്‍ത്തനം താമസിപ്പിക്കുന്നത്.

ദുരന്തബാധിത മേഖലകളിലേക്ക് തലസ്ഥാനമായ ക്വെറ്റയില്‍നിന്ന് എട്ടു മണിക്കൂറിലേറെ യാത്രയുണ്ട്. മൊബൈല്‍-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. സൈന്യം ഹെലികോപ്ടറുള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. .

ഇന്നലെ വൈകുന്നേരം 4.30-നുണ്ടായ ഭൂചലനം ഒരു മിനിറ്റോളം നീണ്ട് നിന്നിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ബലൂചിസ്ഥാനിലെ ഖുസ്‌ദാറാണ്‌. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രഭവകേന്ദ്രമുള്‍പ്പെടുന്ന അവാരനിലാണ്.

ഒട്ടേറെ കെട്ടിടങ്ങളും വീടുകളും തകര്‍ന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിനുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പലപ്രദേശങ്ങളിലേക്ക് ഇനിയും എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ മരണസഖ്യ ഇനിയും കൂടാനിടയുണ്ട്. പസ്‌നി, വിന്‍ഡാര്‍ പ്രദേശങ്ങളിലും കനത്ത നാശമുണ്ടായിട്ടുണ്ട്.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബലൂചിസ്ഥാന്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും ജനസംഖ്യ താരതമ്യേനെ കുറവാണ്. ബലൂചിസ്താന്‍ സാധാരണയായി ഭൂകമ്പബാധിത പ്രദേശമാണ്.

മെഡിക്കല്‍ സംഘത്തെയും രക്ഷാപ്രവര്‍ത്തകരെയും ഈ പ്രദേശങ്ങളിലേക്ക് അയച്ചതായി പ്രവിശ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്തെ 30 ശതമാനം വീടുകളും തകര്‍ന്നുവെന്നാണ് വിവരം.

ഭൂചലനത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനം ഡല്‍ഹി ഉള്‍പ്പടെ ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഭൂചലനം കാര്യമായ നാശങ്ങളുണ്ടാക്കിയില്ല. അഹമ്മദാബാദില്‍ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :