പ്രഭാകരന് നല്‍കിയ സമയപരിധി അവസാനിച്ചു

വാഷിംഗ്ടണ്‍| PRATHAPA CHANDRAN|
എല്‍ടിടി‌ഇ മേധാവി വേലുപ്പിള്ള പ്രഭാകരന് കീഴടങ്ങാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കിയ സമയപരിധി അവസാനിച്ചു. എന്നാല്‍ കീഴടങ്ങുന്നത് സംബന്ധിച്ച് പ്രഭാകരനോ അദ്ദേഹത്തിന്‍റെ അനുയായികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് പ്രഭാകരന് നല്‍കിയ അന്ത്യശാസനത്തിന്‍റെ സമയപരിധി അവസാനിച്ചത്.

പുലികള്‍ കീഴടങ്ങാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ശക്തമായ സൈനിക നീക്കം ഉണ്ടായേക്കുമെന്നാണ് സൂചന. പുലികളോട് കീഴടങ്ങാനോ അന്തിമ യുദ്ധത്തിന് തയ്യാറാകാനോ സൈന്യം ആവശ്യപ്പെട്ടതായി വാര്‍ത്തയുണ്ട്. പ്രഭാകരന്‍ രക്ഷപ്പെടാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് സൈന്യം അവകാശപ്പെടുന്നത്.

മുല്ലത്തീവ് ജില്ലയില്‍പ്പെട്ട വാന്നിയില്‍ പ്രഭാകരന്‍ അനുയായികളോടൊപ്പം വേഷം മാറി കഴിയുകയാണെന്നാണ് സൈന്യം കരുതുന്നത്. അതേസമയം ചൊവാഴ്ച യുദ്ധരഹിത മേഖലയായ പുതുമാതളന്‍ പ്രദേശത്തേയ്ക്ക് സൈന്യം നീങ്ങിത്തുടങ്ങിയതായി സൂചനയുണ്ട്.

40000 സിവിലിയന്‍‌മാരെ യുദ്ധ മേഖലയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചിട്ടുണ്ട്. യുദ്ധമേഖലയില്‍ നിന്ന്‌ രക്ഷപെടാന്‍ ശ്രമിച്ച ഗ്രാമീണര്‍ക്കുനേരെ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ തിങ്കളാഴ്‌ച 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :