പുലികള്‍ക്ക് രാജപക്സെയുടെ അന്ത്യശാസനം

കൊളംബോ| WEBDUNIA| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2009 (18:43 IST)
ജനവാസ കേന്ദ്രങ്ങളീല്‍ ഒളിച്ചിരിക്കുന്ന പുലികളോട് ആയുധം വച്ച് കീഴടങ്ങാന്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാക്കളോടൊപ്പം നിരവധി എല്‍ടിടി‌ഇക്കാര്‍ ജനവാസ കേന്ദ്രങ്ങളില്‍ ഒളിച്ചു താമസിക്കുന്നതായുള്ള സശയമുള്ള സാഹചര്യത്തിലാണ് രാജപക്സെ അന്ത്യ ശാസനം നല്‍കിയിട്ടുള്ളത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട പുലികളുടെ എണ്ണം 480 ആയതാ‍യും അദ്ദേഹം പറഞ്ഞു.

വിമതര്‍ ജനവാസ കേന്ദ്രം ഒളിത്താവളമാക്കിയതോടെ യുദ്ധം കൂടുതല്‍ സങ്കീര്‍ണമായതായി അദ്ദേഹം പറഞ്ഞു. യുദ്ധ മേഖലയില്‍ കുടുങ്ങിയിട്ടുള്ള 70000 തമിഴ് വംശജരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. പുലികളുമായി വെടിനിര്‍ത്തല്‍ നടപ്പാക്കില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വിമതരെ കീഴടക്കുമെന്നും രാജപക്സെ അറിയിച്ചു.

തമിഴ്പുലികളുടെ അവസാന സങ്കേതമായ പുതുകുടിയിരുപ്പ് സൈന്യത്തിന്‍റെ പിടിയിലായ പശ്ചാത്തലത്തിലാണ്‌ ലങ്കന്‍ പ്രസിഡന്‍റ് അവശേഷിച്ച പുലികളോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. അതേസമയം യുദ്ധ മേഖലയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈന്യം അറിയിച്ചു. വളരെ കുറച്ച് മേഖലയില്‍ മാത്രമേ ഇനി പുലികള്‍ക്ക് സ്വാധീനമുള്ളൂ എന്നാണ് സൈന്യം അവകാശപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :