പുലികള്‍ വ്യോമാക്രമണം നടത്തി

കൊളംബോ| WEBDUNIA| Last Modified ശനി, 21 ഫെബ്രുവരി 2009 (09:21 IST)
ശ്രീലങ്കന്‍ സൈനിക ആസ്ഥാനത്ത്‌ പുലികള്‍ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച രാത്രി നടത്തിയ ബോംബാക്രമണങ്ങളില്‍ രണ്‌ട്‌ പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 54 പേര്‍ക്ക് പരുക്കേറ്റതായി ശ്രീലങ്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ആക്രമണം നടത്തിയ രണ്ട് വിമാനങ്ങളും സൈന്യം വെടിവച്ചിട്ടു. ഇതിലൊന്ന്‌ കൊളംബോ രാജ്യാന്തര വിമാനത്താവളത്തിലാണ്‌ തകര്‍ന്നു വീണത്‌. ആക്രമണ ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

പുലിപൈലറ്റുമാരില്‍ ഒരാളുടെ ജഡം കണ്ടെടുത്തിട്ടുണ്ട്‌. കൊളംബോയിലെ വ്യോമസേന ആസ്ഥാനവും നികുതി വകുപ്പിന്‍റെ കെട്ടിടവും ലക്‍ഷ്യമാക്കിയായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ആക്രമണമുണ്ടായത്.

കൊളംബൊ വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍വേസിന്‍റെ ബാങ്കോക്ക്‌ - കൊളംബോ വിമാനം തിരുവനന്തപുരത്തിറക്കി. കൊളംബോയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. പുലികളുടെ ശക്തികേന്ദ്രങ്ങള്‍ കീഴടക്കിയെന്ന സൈന്യത്തിന്‍റെ അവകാശവാദത്തിനിടെയാണ് ഈ അപ്രതീക്ഷിത ആക്രമണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :