ലോകത്ത് ഒരിടത്തും ഒരു പ്രധാനമന്ത്രിക്കും ഇതേ പോലെയൊരു ‘സെക്സി’ പിറന്നാള്‍ ആശംസ ലഭിച്ചിരിക്കില്ല. റഷ്യയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ അര്‍ദ്ധ നഗ്നരായി ഒരു കലണ്ടറിന് പോസു ചെയ്താണ് തങ്ങളുടെ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്!
മോസ്കോ സര്‍വകലാശാലയിലെ 12 ജേര്‍ണലിസം വിദ്യാര്‍ത്ഥികളാണ് അടിവസ്ത്രം മാത്രം ധരിച്ച് കലണ്ടറിന് പോസു ചെയ്തത്. തങ്ങള്‍ക്ക് പ്രധാനമന്ത്രിയോടുള്ള സ്നേഹം വെളിപ്പെടുത്താനാണ് ഈ വഴി തെരഞ്ഞെടുത്തത് എന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. വ്യാഴാഴ്ച പുടിന്റെ അമ്പത്തിയെട്ടാം പിറന്നാളായതിനാല്‍ മിക്ക ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും കലണ്ടര്‍ നേരത്തെ എത്തിക്കഴിഞ്ഞു.
ശരീര വടിവുകള്‍ മിക്കതും പുറത്തുകാട്ടുന്ന വേഷവിധാനവുമായി കലണ്ടറിന് പോസു ചെയ്ത ലെന ഗൊര്ണൊസ്തയെവ എന്ന വിദ്യാര്‍ത്ഥിനിയുടെ ചിത്രത്തിനൊപ്പം പുടിന് പിറന്നാള്‍ ആശംസയും “ നിങ്ങള്‍ കാട്ടു തീ അണച്ചു, എന്നാല്‍, ഞാന്‍ ഇപ്പോഴും ജ്വലിക്കുകയാണ്” എന്ന സന്ദേശവും നല്കിയിരിക്കുന്നു.
വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിപ്രസരമുള്ള കലണ്ടറിന് പോസു ചെയ്തതില്‍ സര്‍വകലാശാല അധ്യാപകര്‍ക്ക് യോജിപ്പില്ല. എന്നാല്‍, കലണ്ടറിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ മാക്സിം പെര്‍ലിന്‍ പറയുന്നത് വിദ്യാര്‍ത്ഥിനികള്‍ ചെയ്തത് വളരെ വലിയ കാര്യമാണെന്നാണ്. പ്രതിഫലം വാങ്ങാതെയാണ് അവര്‍ കലണ്ടറിന് പോസു ചെയ്തത് എന്നും അവരുടെ പ്രത്യേക രാഷ്ട്രീയ വീക്ഷണമാണ് അതിലൂടെ പ്രതിഫലിക്കുന്നത് എന്നും പെര്‍ലിന്‍ അവകാശപ്പെടുന്നു.