പുകവലി നിര്‍ത്തി: ഒബാമ പ്രസിഡന്‍റായി

വാഷിംഗ്ടണ്‍| WEBDUNIA| Last Modified തിങ്കള്‍, 11 ജനുവരി 2010 (13:38 IST)
PRO
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയും പുകവലിയും തമ്മില്‍ എന്തു ബന്ധം എന്ന് ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനമാണ് ഒബാമയെ പ്രസിഡന്‍റ് പദത്തിലെത്തിലെത്തിച്ചതെന്നറിയുമ്പോള്‍ അത്ഭുതപ്പെടരുത്. വാഷിംഗ്ടണില്‍ പുറത്തിറങ്ങിയ ഒരു ബുക്കിലാണ് ഈ വെളിപ്പെടുത്തല്‍.

മത്സരിക്കുന്നതിനോട് ആദ്യം മിഷേലിന് യോജിപ്പുണ്ടായിരുന്നില്ല. പുകവലി നിര്‍ത്താമെന്നും ഞായറാ‍ഴ്ചകള്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാമെന്നും മിഷേലിന് ഒബാമ വാക്കു നല്‍കിയിരുന്നു. ഈ ഉറപ്പു ലഭിച്ചില്ലായിരുന്നെങ്കില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒബാമയെ മിഷേല്‍ അനുവദിക്കില്ലായിരുന്നുവെന്നാണ് ബുക്കില്‍ പറയുന്നത്. മക്കളുടെ സ്കൂളില്‍ അദ്ധ്യാപക-രക്ഷകര്‍തൃ യോഗങ്ങളിലും പങ്കെടുക്കാമെന്ന് ഒബാമ വാക്കു നല്‍കിയിരുന്നു. ഈ ഉറപ്പുകളാണ് മിഷേലിന്‍റെ മനസു മാറ്റിയത്.

കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരുടെ കുടുംബാംഗങ്ങളുമായും സ്റ്റാഫുമായും നടത്തിയ അഭിമുഖങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ ബുക്കിലാണ് ഈ വിവരങ്ങള്‍. ഇരുനൂറോളം അഭിമുഖങ്ങള്‍ ക്രോഡീകരിച്ചാണ് ബുക്ക് പുറത്തിറക്കിയിരിക്കുന്നത്. ദ റെയ്സ് ഓഫ് എ ലൈഫ് ടൈം എന്നാണ് ബുക്കിന്‍റെ പേര്.

2007 ജനുവരി വരെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒബാമ തീരുമാനമെടുത്തിരുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ മുഖ്യ ഉപദേശകന്‍ അഭിമുഖത്തില്‍ പറയുന്നു. സാധാരണ ഒബാമയായിരിക്കുന്നതാണ് നല്ലതെന്നായിരുന്നു ആ സമയത്തും ഒബാമയുടെ അഭിപ്രായം.

ഒബാമ അഭ്യര്‍ത്ഥിച്ച ശേഷവും വിദേശകാര്യ സെക്രട്ടറിയാകാന്‍ താന്‍ തയ്യാറായിരുന്നില്ലെന്ന് ബുക്കിന് നല്‍കിയ അഭിമുഖത്തില്‍ ഹിലരി ക്ലിന്‍റന്‍ പറയുന്നു. ഭര്‍ത്താവ് ക്ലിന്‍റന്‍ ആയിരുന്നു ഹിലരിയുടെ പ്രശ്നം. ചില കാര്യങ്ങളില്‍ ക്ലിന്‍റന്‍ പ്രശ്നക്കാരനാണെന്നും അദ്ദേഹത്തെ നിയന്ത്രിക്കാനാകില്ലെന്നുമാണ് ഹിലരി പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :