പാകിസ്ഥാനില്‍ വീണ്ടും സ്ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്| WEBDUNIA|
പാകിസ്ഥാനിലെ പെഷവാറില്‍ രണ്ട് വ്യത്യസ്ഥ ചാവേര്‍ കാര്‍ബോംബ് സ്ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 70ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാനില്‍ ഇന്നത്തെ രണ്ടാമത്തെ സ്ഫോടനമാണിത്. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബണ്ണുവില്‍ ഒരു പൊലീസ് സ്റ്റേഷനുനേരെ ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പെഷവാറില്‍ കാര്‍ബോംബ് സ്ഫോടനം നടന്നത്. ഒന്നിലധികം തവണ സ്ഫോടനമുണ്ടായതായാണ് സൂചന. നിരവധി കെട്ടിടങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. പ്രദേശത്തെ ഒരു ബാങ്കിന് മുന്നിലാണ് സ്ഫോടനമുണ്ടായ്തെന്ന് പൊലീസ് പറഞ്ഞു. വന്‍ സ്ഫോടനമാണ് നടന്നതെന്ന് ഒരു ദൃക്‌സാക്ഷിയും വ്യക്തമാക്കി.

ആദ്യ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. രണ്ടാമത്തെ സ്ഫോടനത്തിന് പിന്നിലും താലിബാന്‍ തന്നെയാകുമെന്നാണ് കണക്കുകൂട്ടല്‍. താലിബാനെതിരെയുള്ള സൈനിക നടപടി തുടര്‍ന്നാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് താലിബാന്‍ നേതൃത്വം കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :