മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന്‍റെ മനുഷ്യാവകാശധ്വംസനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിമത നേതാവ് ആങ് സാങ് സൂകിയുടെ പാര്‍ട്ടി ഐക്യ-രാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു. യുഎന്‍ മനുഷ്യാവകാശ വിഭാഗം ഉദ്യോഗസ്ഥനായ തോമസ് ഓജെ ക്വിന്‍റാനയുടെ സന്ദര്‍ശനം മുന്‍ നിര്‍ത്തിയാണ് ആവശ്യം.
മ്യാന്‍മറിലെ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഇബ്രാഹിം ഗാമ്പിരിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ക്വിന്‍റാന എത്തുന്നത്. ആറു ദിവസം ക്വിന്‍റാന മ്യാന്‍മറില്‍ തങ്ങും. ഗാമ്പിരിയുടെ സന്ദര്‍ശനം വേണ്ട വിധത്തില്‍ പ്രയോജനം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ക്വിന്‍റാന അടിയന്തരമായി എത്തുന്നത്.
മ്യാന്‍മറില്‍ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഒരു പരമ്പര തന്നെയാണ് അരങ്ങേറുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നടപടി എടുക്കണമെന്നും സൂകി നേതൃത്വം നല്‍കുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വക്താവ് ന്യാന്‍ വിന്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ തടവ് കാലാവധി നീട്ടി അടുത്ത കൊല്ലം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് പട്ടാള ഭരണകൂടം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ ഉപനേതാവ് 82 കാരനായ ട്വിന്‍ ഓയുടെ വീട്ടുതടങ്കല്‍ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
അതേസമയം രാജ്യത്തെ മനുഷ്യാവകാശപാലനം ക്വിന്‍റാന വിലയിരുത്തുമെന്ന് യുഎന്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വേനല്‍ക്കാലത്തും ക്വിന്‍റാന മ്യാന്‍മര്‍ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ വൃത്തങ്ങളുമായും ജയിലിലെ രാഷ്ടീയ തടവുകാരുമായും ക്വിന്‍റാന കൂടിക്കാഴ്ച നടത്തുമെന്നും യുഎന്‍ അറിയിച്ചു.