നൊബേല്‍ സമാധാന പുരസ്കാരം: മലാല സാധ്യത പട്ടികയില്‍

സ്റ്റോക് ഹോം| WEBDUNIA|
PRO
PRO
നൊബേല്‍ പുരസ്‌ക്കാരം മലാല യൂസഫ് സായിക്ക് ലഭിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. 259 നാമനിര്‍ദേശങ്ങളാണ് ഇത്തവണ സമാധാന പുരസ്‌കാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. പാകിസ്ഥാനില്‍ തീവ്രവാദികളാല്‍ ആക്രമിക്കപ്പെടുകയും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്ത മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മലാലയെ തേടിയെത്തിയ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നിരവധിയാണ്.

അഞ്ചു മേഖലകളിലെ സംഭാവനയ്ക്കായി നല്‍കി വരുന്ന പുരസ്‌കാരം വ്യത്യസ്ത ദിവസങ്ങളിലായാണ് പ്രഖ്യാപിക്കുന്നത്. ആരോഗ്യ മേഖലയിലെ പുരസ്‌കാരമാണ് തിങ്കളാഴ്ച്ച പ്രഖ്യാപിക്കുന്നത്. ലോകം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് സമാധാനത്തിനുള്ള പുരസ്‌കാരം ആര് നേടുമെന്നാണ്. അതില്‍ കൂടുതല്‍ സാധ്യത പതിനാറുകാരി മലാല യൂസഫ് സായിക്കാണ്.

മലാലയ്ക്കു പിന്നാലെ നിരവധി പേരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സിറിയന്‍ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിച്ച റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍, പാലസ്തീന്‍ ഇസ്രായേല്‍ സമാധാന ശ്രമത്തിന് ദൂതനായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ എന്നിവരുടെ പേര് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു പുറമെ അമേരിക്കയുടെ ചാര പ്രവര്‍ത്തനം പുറത്തുകൊണ്ടു വരുന്നതില്‍ മുഖ്യ പങ്കുവഹിച്ച വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ, എഡ്വേര്‍ഡ് സ്‌നോഡന്‍, ബ്രാഡ്‌ലീ മാനിങ് എന്നിവരുടെ പേരും കേള്‍ക്കുന്നുണ്ട്.

കൊല്‍ക്കത്തയില്‍ പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന മദര്‍ തെരേസയുടെ പിന്‍ഗാമി സിസ്റ്റര്‍ നിര്‍മലയാണ് ഇന്ത്യയില്‍നിന്നും നിര്‍ദേശിക്കപ്പെട്ടവരില്‍ മുന്നിലുള്ളത്. എന്നാല്‍ പട്ടികയിലെ മുഴുവന്‍ അംഗങ്ങളുടെയും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒക്‌ടോബര്‍ 11നാണ് സമാധാന പുരസ്‌കാരം പ്രഖ്യാപിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :