വര്‍ഗീയ കലാപത്തിന്‍റെ നടുക്കുന്ന മണിക്കൂറുകള്‍ കഴിഞ്ഞ്, ഇപ്പോള്‍ നൈജീരിയ ശാന്തമാണ്. ജോസ് നഗരം പട്ടാളത്തിന്‍റെ വരുതിയിലാണ്. 200ല്‍ അധികം പേരാണ് ക്രിസ്ത്യന്‍ - മുസ്ലിം കലാപത്തില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ജോസില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ നഗരത്തില്‍ ഇറങ്ങി നടക്കുന്നുണ്ട്. എന്നാല്‍ പട്ടാളക്കാരെ കാണുമ്പോള്‍ ജനങ്ങള്‍ ഇരു കൈകളും ശിരസിനു മുകളില്‍ ഉയര്‍ത്തി തങ്ങള്‍ കലാപവുമായി ബന്ധമുള്ളവരല്ലെന്ന് വിശ്വസിപ്പിക്കുന്നു. ഞായറാഴ്ചയാണ് മുസ്ലിങ്ങളും ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവരും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്.
പന്തങ്ങളും കത്തികളും കല്ലുകളുമൊക്കെയായി ജനങ്ങള്‍ തെരുവിലിറങ്ങി പരസ്പരം അക്രമിക്കുകയായിരുന്നു. 200ല്‍ അധികം പേര്‍ മരിച്ചു എന്ന അവ്യക്തമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. മരണസംഖ്യ അതിലും എത്രയോ കൂടുതലായിരിക്കുമെന്നാണ് നൈജീരിയയിലെ ജനങ്ങള്‍ വിശ്വസിക്കുന്നത്.
കലാപം സംബന്ധിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ജോസ് നഗരം മുമ്പും വര്‍ഗീയ കലാപങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. 2001ല്‍ ആയിരം പേരും 2004ല്‍ 700 പേരും 2008ല്‍ 300 പേരുമാണ് ജോസ് നഗരത്തില്‍ കലാപത്തില്‍ കൊല്ലപ്പെട്ടത്.