തിരുശേഷിപ്പ് തട്ടിപ്പില്‍ സന്യാസി അകത്തായി

ഏതന്‍സ്| WEBDUNIA| Last Modified വ്യാഴം, 20 ജനുവരി 2011 (16:17 IST)
കന്യാസ്ത്രീയുടെ അസ്‌ഥികൂടവുമായി വിമാനത്താവളത്തില്‍ 42കാരനായ സന്യാസി അറസ്‌റ്റില്‍. ഗ്രീസിലെ ഏതന്‍സ്‌വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

സുരക്ഷാപരിശോധനയില്‍ ഇദ്ദേഹത്തിന്റെ ബാഗില്‍ നിന്ന്‌ തലയോട്ടിയും അസ്‌ഥികളും കണ്ടെടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍‌പ് അന്തരിച്ച വിശുദ്ധയുടേതാണ് ഇതെന്നായിരുന്നു സന്ന്യാസി സുരക്ഷാ ഉദ്യോഗസ്ഥന്‍‌മാരോട് പറഞ്ഞത്. വിശുദ്ധയുടെ തിരുശേഷിപ്പ്‌ സൈപ്രസില്‍ സംസ്‌കരിക്കാനാണ്‌ കൊണ്ടുപോയതെന്നുമായിരുന്നു സന്യാസിയും അനുയായികളും അവകാശപ്പെട്ടത്.

എന്നാല്‍ നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച, സൈപ്രിറ്റ്‌ മഠത്തിലെ ഒരു കന്യാസ്ത്രീയുടെ അസ്ഥികൂടമായിരുന്നു ബാഗിലുണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേതുടര്‍ന്ന് സന്ന്യാസിയെയും അനുയായികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണം, മൃതദേഹത്തോടുളള അനാദരവ്‌ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഗ്രീക്ക്‌ പോലീസ്‌ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

സാമ്പത്തിക ലാഭത്തിനായാകും തിരുശേഷിപ്പെന്ന്‌ പ്രചരിപ്പിച്ചതെന്ന്‌ സൈപ്രസ്‌ ഓര്‍ത്തഡോക്‌സ് സഭ ആര്‍ച്ച്‌ ബിഷപ്പ്‌ ക്രിസോസ്‌റ്റമോസ്‌ പറഞ്ഞു. ഗ്രീക്ക്‌ - സൈപ്രസ്‌ ഓര്‍ത്തഡോക്‌സ് സഭകള്‍ വിശുദ്ധയായി അംഗീകരിച്ചിട്ടില്ലാത്ത കന്യാസ്ത്രീയുടെ അസ്‌ഥികൂടമാണ് പിടിക്കപ്പെട്ട സന്യാസിയില്‍ നിന്ന് കണ്ടെടുത്തതെന്നും ബിഷപ്പ്‌ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് സന്യാസിയെ കൈക്കോസ്‌ മഠത്തില്‍ നിന്ന്‌ പുറത്താക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :