തട്ടിക്കൊണ്ടു പോയ 223 പെണ്‍കുട്ടികളെ ചന്തയില്‍ വില്‍ക്കുമെന്ന് തീവ്രവാദികള്‍

കനോ| Last Modified ചൊവ്വ, 6 മെയ് 2014 (09:03 IST)
നൈജീരിയയില്‍ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയ 223 പെണ്‍കുട്ടികളെ ചന്തയില്‍ വില്‍ക്കുമെന്ന് ബൊക്കോ ഹറാം തീവ്രവാദി ഗ്രൂപ്പിന്റെ ഭീഷണി. ബന്ദികളാക്കിയ പെണ്‍കുട്ടികളെ ശൈശവ വധുക്കളായി വില്ക്കുമെന്ന് ബൊക്കോ ഹറാം നേതാവ് അബുബക്കര്‍ ഷെയ്ഖവ് വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കി. 57 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാശ്ചാത്യ വിദ്യാഭ്യാസത്തെയും 
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയും വിലക്കുന്നുണ്ട്.
 
223 പെണ്‍കുട്ടികളാണ് ബൊക്കോ ഹറാം ഭീകരര്‍ ബന്ദികളാക്കിയിരിക്കുന്നത്. മൂന്ന് ആഴ്ച മുന്പാണ് ഇവരെ ചിബോക്കിലെ ഹോസ്റ്റലില്‍ നിന്നും അര്‍ധരാത്രിയില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ബന്ദകളാക്കപ്പെട്ടവരില്‍ 276 പെണ്‍കുട്ടികളുണ്ടായിരുന്നു. 50 വിദ്യാര്‍ത്ഥിനികള്‍ പിന്നീട് ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു.
 
നൈജീരിയയുടെ തെക്കു കിഴക്കന്‍ പ്രദേശം സ്വാതന്ത്ര ഇസ്ലാമിക രാജ്യമാക്കി മാറ്റാന്‍ പോരാടുന്ന തീവ്രവാദി സംഘടനയാണ് ബൊക്കോഹറം. പാശ്ചാത്യ വിദ്യാഭ്യാസം പാപമാണ് എന്നാണ് ബോക്കോ ഹറാം എന്ന വാക്കിന്റെ അര്‍ഥം. അഫ്ഗാന്‍ താലിബാന്‍ മാതൃകയില്‍ രൂപീകരിച്ച ഈ സംഘടനയ്ക്ക് അല്‍ക്വയ്ദയുമായും ബന്ധമുണ്ട്. അതേസമയം,​ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയിട്ട് 20 ദിവസം കഴിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ കുഴയുകയാണ് നൈജീരിയന്‍ ഭരണകൂടം. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :