ജി-20: പ്രതിഷേധം അക്രമാസക്തമായി

ടൊറന്റോ| WEBDUNIA| Last Modified ഞായര്‍, 27 ജൂണ്‍ 2010 (12:55 IST)
ജി-20 ഉച്ചകോടിക്കെതിരെ ടൊറന്റോയില്‍ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി. ആയിരത്തിലധികം പ്രതിഷേധക്കാര്‍ കറുത്ത വസ്ത്രമണിഞ്ഞ് നടത്തിയ പ്രതിഷേധം പൊടുന്നനെ അക്രമാസക്തമാവുകയായിരുന്നു. പൊലീസ് 130 ല്‍ അധികം അക്രമികളെ അറസ്റ്റ് ചെയ്തു.

പ്രതിഷേധക്കാര്‍ മൂന്ന് പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. കടകളുടെയും മറ്റ് വ്യാപാര സ്ഥാപനങ്ങളുടെയും ജനാലകളും മറ്റും ചുറ്റികയും ബേസ്ബോള്‍ ബാറ്റും ഉപയോഗിച്ച് അടിച്ചു തകര്‍ത്തു. ചിലര്‍ പൊലീസിനു നേര്‍ക്ക് കല്ലും പ്ലാസ്റ്റിക് ബോട്ടിലുകളും വലിച്ചെറിഞ്ഞു.

ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടി ഞായറാഴ്ച അവസാനിക്കും. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനും സന്തുലിത സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് ജി-20 യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ഉച്ചകോടിയുടെ ഇടവേളയില്‍ കൂടിക്കാഴ്ച നടത്തും.

കാനഡ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്‍‌മോഹന്‍ സിംഗ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ കരാറിലും ഒപ്പ് വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :