ജാക്സന്‍റെ അന്ത്യവിശ്രമം ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍

ലോസ് ഏഞ്ചല്‍‌സ്| WEBDUNIA|
മൈക്കല്‍ ജാക്സന്‍റെ മൃതദേഹം ലോസ് ഏഞ്ചല്‍‌സിലെ ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ അടക്കം ചെയ്യുമെന്ന് സിറ്റി ആക്ടിങ്ങ് മേയര്‍ ജാന്‍ പെറി അറിയിച്ചു. സ്റ്റേപ്പിള്‍സ് സെന്‍ററില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് മൃതദേഹം അടക്കം ചെയുക.

ലോസ് ഏഞ്ചല്‍‌സിലെ പ്രധാന സെമിത്തേരികളില്‍ ഒന്നാണ് ഫോറസ്റ്റ് ലോണ്‍. നിരവധി ഹോളിവുഡ് സ്റ്റുഡിയോകള്‍ക്ക് സമീപമാണ് സെമിത്തേരി സ്ഥിതി ചെയ്യുന്നത്. ഇതിന് മുന്‍പ് നിരവധി പ്രമുഖരെ ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. വെള്ളിത്തിരയിലെ ഇതിഹാസ താരം ഹംഫെറി ക്ലാര്‍ക്ക് ഗാബിള്‍, ജീന്‍ ഹാര്‍ലോ എന്നിവരെ ഇവിടെയാണ് അടക്കം ചെയ്തിട്ടുള്ളത്. അമേരിക്കയുടെ ആദ്യ പ്രസിഡന്‍റ് ജോര്‍ജ്ജ് വാഷിംഗ്ടണിന്‍റെ സ്മാരകം ഈ സെമിത്തേരിയിലാണുള്ളത്.

അതിനിടെ ജാക്സന്‍റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടെന്ന് അദ്ദേഹത്തിന്‍റെ മുന്‍ഭാര്യ ഡെബ്ബി റോവ് തീരുമാനിച്ചിട്ടുണ്ട്. തലച്ചോര്‍ എടുത്തുമാറ്റിയ ജാക്സന്‍റെ മൃതദേഹമാണ് ഇന്ന് അടക്കം ചെയ്യുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ തലച്ചോര്‍ നീക്കം ചെയ്തിരുന്നു. പരിശോധന പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കും എന്നതിനാലാണ് തലച്ചോര്‍ മൃതദേഹത്തിനൊപ്പം അടക്കം ചെയ്യാന്‍ സാധിക്കാത്തത്.

ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് ജാക്സന്‍റെ അനുസ്മരണ ചടങ്ങുകള്‍. സ്റ്റേപ്പിള്‍സിലെ ബാസ്കറ്റ്ബോള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങുകള്‍ വീക്ഷിക്കാന്‍ 17500 പേര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരത്തിനായി 16 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍നിന്ന് നറുക്കെടുപ്പിലൂടെ 8750 പേരെ തെരഞ്ഞെടുക്കുകയായിരുന്നു. ഒരാള്‍ക്ക് രണ്ട് പാസ് വീതമാണ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 25നായിരുന്നു ജാക്സന്‍റെ അന്ത്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :