ജനാധിപത്യത്തിന് വേണ്ടി പൊരുതും: ഫൊന്‍സേക

കൊളമ്പോ| WEBDUNIA| Last Modified വ്യാഴം, 22 ഏപ്രില്‍ 2010 (16:57 IST)
PRO
അവസാ‍നശ്വാസം വരെ ജനാധിപത്യത്തിന് വേണ്ടി പൊരുതുമെന്ന് ശ്രീലങ്കന്‍ മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സേക. ഗൂഢാലോചനയുടെ പേരില്‍ തടവില്‍ കഴിയുന്ന ഫൊന്‍സെക പാര്‍ലമെന്‍റിന്‍റെ ഉദ്ഘാടന സെക്ഷനില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയപ്പോഴാണ് തന്‍റെ നിലപാടും ഭാവിപരിപാടികളും പ്രഖ്യാപിച്ചത്. ജനാധിപത്യത്തിന് വേണ്ടിയുള്ള തന്‍റെ യുദ്ധത്തെ നിശ്ശബ്ദമാക്കാനാണ് ലങ്കന്‍ സര്‍ക്കാരിന്‍റെ ശ്രമമെന്നും ഫൊന്‍സെക ആരോപിച്ചു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മഹീന്ദ രജപക്സയ്ക്ക് എതിരാളിയയി നിന്നതോടെയാണ് ഫൊന്‍സെക ലങ്കന്‍ ഭരണകൂടത്തിന് അനഭിമതനായത്. രജപക്സെയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്നും സൈന്യത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഫൊന്‍സെകയെ തടവിലാക്കിയിരിക്കുന്നത്. തടവിലായിരുന്ന ഫൊന്‍സെകയ്ക്ക് പാര്‍ലമെന്‍റിന്‍റെ ഉദ്ഘാടന സെക്ഷനായി താല്‍ക്കാലിക ഇളവു നല്‍കുകയായിരുന്നു.

ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യത്തിന് വേണ്ടി പൊരുതാനും പാര്‍ലമെന്‍റ് അംഗത്വം താന്‍ ഉപയോഗിക്കുമെന്നും ഫൊന്‍സെക പറഞ്ഞു. തടവിലായ ശേഷം ആദ്യമായാണ് ഫൊന്‍സെക പൊതുചടങ്ങില്‍ സംബന്ധിക്കുന്നതും മാധ്യമങ്ങളോട് സംവദിക്കുന്നതും. നിയമവിരുദ്ധമായ അറസ്റ്റുകളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഇത്തരത്തില്‍ ഒരു നിയമവിരുദ്ധ അറസ്റ്റിന്‍റെ ഇരയാണെന്നും ഫൊന്‍സെക ചൂണ്ടിക്കാട്ടി.

ലങ്കയില്‍ ജനാധിപത്യം ഇനിയും കടന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനത്ത സുരക്ഷയിലായിരുന്നു ഫൊന്‍സെക പാര്‍ലമെന്‍റിലെത്തിയത്. മറ്റ് പ്രധാന പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം സഭയുടെ മുന്‍‌നിരയില്‍ തന്നെ അദ്ദേഹത്തിന് സ്ഥാനം നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :