ചൈനയില്‍ പെയ്യുന്നത് മഴയല്ല, ആസിഡ് മഴ!

ബീജിംഗ്| WEBDUNIA|
PRO
കണ്ണടച്ച് വ്യവസായ വികസനത്തിന് മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. വ്യവസായ വികസനം കൂടിയാല്‍ ചിലപ്പോള്‍ പെയ്തിറങ്ങുക മഴയായിരിക്കില്ല, രാസമഴയായിരിക്കും. ഏറ്റവും നല്ല ഉദാഹരണം തന്നെ. വ്യാവസായിക വളര്‍ച്ചയില്‍ ലോകത്തിലെ മറ്റേതൊരു രാജ്യത്തെയും തള്ളി മുന്നോട്ട് കുതിക്കുന്ന ചൈനയിലെ 258-ഓളം നഗരങ്ങളിലെങ്കിലും ആസിഡ് പെയ്യുകയാണ്.

വ്യവസായ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന കല്‍‌ക്കരിയും രാസവസ്തുക്കളും വിഘടിച്ച് വാതകമായി മാറുകയും പിന്നീട് സള്‍ഫ്യൂരിക്‌ ആസിഡ്‌, നൈട്രിക്‌ ആസിഡ്‌ എന്നീ ആസിഡുകളുടെ രൂപത്തില്‍ മഴവെള്ളത്തില്‍ കലര്‍ന്ന്‌ ഭൂമിയില്‍ പതിക്കുന്ന പ്രതിഭാസമാണ്‌ ആസിഡ് മഴ. ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ആസിഡ് മഴ ചൈനീസ് സര്‍ക്കാരിന് തലവേദന ആയിരിക്കുകയാണ്. കെട്ടിടങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കുക, മണ്ണിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുക, സസ്യജന്തുജാലങ്ങള്‍ക്ക്‌ നാശം സംഭവിക്കുക എന്നതൊക്കെയാണ് ആസിഡ് മഴയില്‍ സംഭവിക്കുക.

ഏകദേശം 300 കോടി ടണ്‍ കല്‍ക്കരിയാണ്‌ ചൈന പ്രതിവര്‍ഷം ഉപയോഗിക്കുന്നത്‌. ഫ്യൂജിയാന്‍ പ്രവിശ്യയുടെ ദക്ഷിണ കിഴക്കന്‍ ഭാഗമായ സിയാമന്‍ പ്രദേശത്തു സ്ഥിതി ചെയ്യുന്ന 618-907 എഡിയില്‍ പണികഴിപ്പിച്ച ലോകത്തെ തന്നെ ഏറ്റവും വലിയ ബുദ്ധപ്രതിമ പെയ്തിറങ്ങുന്ന ആസിഡ് മഴയില്‍ അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. സിയാമന്‍ പ്രദേശത്തെ ഭൂരിപക്ഷം കെട്ടിടങ്ങളും ആസിഡ്‌ മഴയേറ്റ്‌ കേടുപാടുകള്‍ സംഭവിച്ച അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്.

ലോകത്തില്‍ വളവും രാസവസ്തുക്കളുമൊക്കെ ഉല്‍‌പാദിപ്പിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലാണ് ചൈന. എന്നാല്‍ വ്യവസായം കൊണ്ടുവന്ന സാമ്പത്തിക പുരോഗതിയെ തച്ചുടയ്ക്കുന്ന തരത്തില്‍ ചൈനയിലെ അന്തരീക്ഷ മലിനീകരണം ഉയര്‍ന്നിരിക്കുന്നു എന്നതാണ് സത്യം. ചൈനയിലെ വ്യാവസായിക നഗരങ്ങളിലെ സ്വാഭാവിക പരിസ്ഥിതി നശിച്ചുകഴിഞ്ഞു. വ്യവസായത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഇന്ത്യയും ചൈനയുടെ വഴിയേ സഞ്ചരിക്കേണമോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :