ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗിളിനെതിരെ സൈബര്‍ സുരക്ഷയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പിന് ചൈന മറുപടി പറയണമെന്ന് യുഎസ് പ്രസിഡന്‍റ് ബരാക്ക് ഒബാമ. ഇത് സംബന്ധിച്ച യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍റെ പ്രസ്താവനയ്ക്ക് ചൈന ശക്തമായ മറുപടി നല്‍കിയതിന് പിന്നാലെയാണ് ഒബാമ നേരിട്ട് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
വൈറ്റ് ഹൌസിലെ ഡെപ്യൂട്ടി വക്താവ് ബില്‍ ബേര്‍ട്ടണ്‍ ആണ് ഇത് സംബന്ധിച്ച ഒബാമയുടെ ആശങ്ക മാധ്യമങ്ങളെ അറിയിച്ചത്. ഗൂഗിളിനെതിരെ ചൈന സ്വീകരിച്ച നടപടികളില്‍ ഒബാമ അസ്വസ്ഥനാണെന്ന് ബേര്‍ട്ടണ്‍ പറഞ്ഞു. കൂച്ചുവിലങ്ങിടാത്ത ഇന്‍റര്‍നെറ്റ് ലഭ്യതയ്ക്ക് ഏറെ മൂല്യമുണ്ടെന്നാണ് ഒബാമയുടെ കാഴ്ചപ്പാടെന്നും ബേര്‍ട്ടന്‍ കുട്ടിച്ചേര്‍ത്തു.
ഹിലരിയുടെ പ്രസ്താവനയുടെ തുടര്‍ച്ചയാണ് ഒബാമയുടെ ആവശ്യമെന്നും ചൈനയില്‍ നിന്നും ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി വേണമെന്നും ബേര്‍ട്ടന്‍ വിശദീകരിച്ചു. ഗൂഗിളിന് നേരെ നടന്ന ഹാക്കിംഗ് ശ്രമത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ചൈനയോട് ഹിലരി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹിലരിയുടെ ആവശ്യങ്ങള്‍ ചൈനീസ് വിദേശകാര്യവകുപ്പ് നിരസിക്കുകയായിരുന്നു. ഇന്‍റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ തങ്ങളെ കുറ്റപ്പെടുത്താന്‍ ഒരുമ്പെടേണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെപ്പോലും ഇത് ബാധിച്ചേക്കാമെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.