കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി രാജിവയ്ക്കേണ്ടതില്ലെന്നു പാക് മന്ത്രിസഭ. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.
ഗിലാനി ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മന്ത്രിസഭായോഗം നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം ഗിലാനി ഉടന്‍ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.
ഗിലാനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയോ ജയിലിലിടുകയോ ചെയ്യില്ല. പ്രതീകാത്മക തടവുശിക്ഷ മാത്രമാണ് ഗിലാനിക്ക് നല്‍കിയത്. 30 സെക്കന്റ് നേരത്തേക്ക് മാത്രമായിരുന്നു തടവ്. കോടതി വിധി അനുചിതമാണെന്നാണ് ഗിലാനി പ്രതികരിച്ചത്. വിധി കേള്‍ക്കാനായി വ്യാഴാഴ്ച രാവിലെ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചിന് മുന്നില്‍ ഗിലാനി ഹാജരായി.
പ്രസിഡന്റ് ആസിഫ് അലി സര്ദാരിക്കെതിര അഴിമതിക്കേസ് പുനരാരംഭിക്കാന്‍ നടപടിയെടുക്കണമെന്ന് നേരത്തെ ഗിലാനിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് പുനരാരംഭിക്കുന്നതിനായി സ്വിസ്സ് അധികൃതര്‍ക്ക് കത്തെഴുതാന്‍ ഗിലാനി തയ്യാറായില്ല. ഇതാണ് കോടതിയലക്ഷ്യക്കേസിലേക്ക് നയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു ഇത്. അഴിമതിക്കേസുകളില്‍ പ്രതിയാക്കുന്നതില്‍ നിന്ന് പ്രസിഡന്റിനു നിയമസംരക്ഷണം ഉണ്ടെന്നതിനാലാണു കേസ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത്.